റദ്ദാക്കിയ ട്രെയിന്‍ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും, മാര്‍ഗ്ഗരേഖയുമായി റെയില്‍വേ; അടുത്ത 7 ദിവസത്തേക്കായി ബുക്ക് ചെയ്തത് 2.34 ലക്ഷം യാത്രക്കാര്‍

Chicku Irshad

ന്യൂഡല്‍ഹി: അടുത്ത ഏഴു ദിവസത്തിനുള്ളിലെ പ്രത്യേക ട്രെയിനുകളിലെ യാത്രക്കായി 2.34 ലക്ഷം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി റെയില്‍വേ മന്ത്രാലയം. ഇതുവഴി 45.30 കോടി വരുമാനം ലഭിക്കുമെന്നാണ് റെയില്‍വേ കണക്കാക്കുന്നത്.

മെയ് 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ടിക്കറ്റ് ബുക്കിങില്‍ എല്ലാ യാത്രക്കാരുടെയും ലക്ഷ്യസ്ഥാന വിലാസവും ഐആര്‍സിടിസി രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ യ്ാത്രക്കാരുടെ കോണ്‍ടാക്റ്റ് ട്രേസിംഗിന് പിന്നീട് ഇത് സഹായിക്കുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

2020 ജൂണ്‍ 30-നോ അതിനുമുമ്പോ യാത്ര ചെയ്യുന്നതിനായി മാര്‍ച്ച് 25-ന് മുമ്പായി ബുക്ക് ചെയ്ത എല്ലാ ട്രെയിന്‍ ടിക്കറ്റുകളും റദ്ദാക്കിയതായും ഈ ടിക്കറ്റുതുക മുഴുവന്‍ റീഫണ്ട് ചെയ്യുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
യാത്രക്കാരുടെ നിലവിലെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റദ്ദാക്കല്‍ വ്യവസ്ഥയെ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗരേഖയും റെയില്‍വെ പുറത്തിറക്കി. ഇക്കാലഘട്ടത്തിലെ എല്ലാ ബുക്കിംഗുകള്‍ക്കും തുക തിരികെ നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപ്രകാരം റെയില്‍വേ സറ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറിലൂടെ 6 മാസം വരെ റദ്ദാക്കിയ ടിക്കറ്റുകള്‍ വഴി പണം തിരികെ ലഭിക്കും. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം നേരിട്ട് അക്കൗണ്ടിലേക്ക് പണം തിരികെ ലഭ്യമാകുമെന്നും റെയില്‍വേ അറിയിച്ചു.

SHARE