7400 കോടിയുടെ അഴിമതി; മലേഷ്യകണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ മുന്‍ പ്രധാനമന്ത്രി കുറ്റവാളി

കോലാലംപൂർ։ ലോകത്തിലെ തന്നെ ഏറ്റവും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളില്‍ ഒന്നില്‍ മലേഷ്യയുടെ മുന്‍പ്രധാനമന്ത്രി നജീബ് റസാഖ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി.  വിവാദമായ വണ്‍എംഡിബി (1MDB) കുംഭകോണത്തിലാണ് മുന്‍ പ്രധാനമന്ത്രി നജീബിന് എതിരെയുള്ള ഏഴ് കുറ്റങ്ങള്‍ കോടതി ശരിവച്ചത്. പതിറ്റാണ്ടുകള്‍ ജയിലില്‍ അടയ്ക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റകൃത്യത്തിലാണ് മുന്‍ പ്രധാനമന്ത്രി കുടുങ്ങിയിരിക്കുന്നത്. മലേഷ്യയുടെ പൊതുവികസന ഫണ്ടായ വണ്‍ മലേഷ്യ ഡെവലപ്‍മെന്‍റ്‍ ബെര്‍ഹാദില്‍ നിന്ന് 4.5 ബില്യണ്‍ യുഎസ് ഡോളര്‍ (7400 കോടിരൂപ) തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

അതേസമയം, വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ കൊള്ളയടിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നജീബ് പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമാണ് തനിക്ക് എതിരെയുള്ള കേസെന്ന് വാദിക്കുന്ന നജീബ്, അപ്പീല്‍ നല്‍കുമെന്നും പ്രതികരിച്ചു.

അധികാര ദുര്‍വിനിയോഗം, വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 67 വയസ്സുകാരനായ നജീബിന് എതിരെ ചുമത്തിയിട്ടുള്ളത്. നജീബിന് എതിരെയുള്ള ഏഴ് കുറ്റങ്ങള്‍ കോടതി ശരിവച്ചു. ഇതേ വിഷയത്തില്‍ അഞ്ച് കേസുകളിലായി 42 കുറ്റങ്ങള്‍ നജീബിന് എതിരെ നിലനില്‍ക്കുന്നുണ്ട്. 

മലേഷ്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അഴിമതി വിവാദം ലോക രാഷ്ടീയത്തിലും വിവാദങ്ങളുയര്‍ത്തിയിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിരവധി അന്വേഷണങ്ങളിവേക്കാണ് കേസ് നീണ്ടത്. ഇത് 61 വര്‍ഷത്തെ അധികാരത്തിലിരുന്ന നജീബിന്റെ ജമ്മോ പാര്‍ട്ടിയുടെ പുറത്താകലിനും കാരണമായി.

വണ്‍എംഡിബിയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ 2018ലാണ് നജീബിന്‍റെ മലായ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായത്. അഞ്ച് മാസം മുന്‍പ് നടന്ന മറ്റൊരു തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി അധികാരത്തില്‍ തിരികെ എത്തിയെന്നതും ശ്രദ്ധേയമാണ്. നജീബിന് എതിരെ ആദ്യം ശബ്‍ദമുയര്‍ത്തിയ ഉപപ്രധാനമന്ത്രി മുഹ്‍യുദ്ദീന്‍ യാസീന്‍ ആണ് ഇന്നത്തെ പ്രധാനമന്ത്രി. ഈ മാറ്റം നിലവിലുള്ള അഴിമതി കേസുകൾക്ക് കാരണമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

SHARE