കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു. നാലുപേര്‍ അറസ്റ്റില്‍

കോര്‍ബ: ബി.ജെ.പി ഭരിക്കുന്ന ചത്തീസ്ഗഡിലെ ജന്‍ജ്ഗീര്‍-ചംപ ജില്ലയില്‍ 19കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം നല്‍കി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാല്‍ പ്രതികളെ ഇന്നലെയാണ് പിടികൂടിയത്.

മാര്‍ച്ച് ഏഴിന് കരൗഡ് ഗ്രാമത്തില്‍ വെച്ചാണ് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പ്രതികളിലൊരാളായ സാഗര്‍ യാദവ് (24) മൊബൈലില്‍ വിളിക്കുകയും പെണ്‍കുട്ടിയുടെ സുഹൃത്ത് കാത്തു നില്‍ക്കുന്നതായും അറിയിച്ചു.

വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ യാദവും ഇയാളുടെ സുഹൃത്തായ ലാവ് നോനിയ (28)യും ചേര്‍ന്ന് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തെ അമ്പലത്തിന് പുറകിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് കുഷ്‌കുമാര്‍ (26), 16 വയസുള്ള മറ്റൊരാള്‍ എന്നിവരും ഇവരോടൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വിഷംകുടിപ്പിച്ച ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ ബിലാസ്പൂരിലെ ആസ്പത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലു പേരെയും പൊലീസ് പിടികൂടിയത്. 14-ാം തീയതി തന്നെ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്.