ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

ജയ്പൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനായ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ സ്‌പെഷ്യല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ നല്‍കാന്‍ നിയമഭേദഗതി ചെയ്ത ശേഷം രാജസ്ഥാനില്‍ ആദ്യമായാണ് ഒരു പ്രതിക്ക് തൂക്കുകയര്‍ വിധിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമഭേദഗതി രാജസ്ഥാന്‍ നിയമസഭ പാസാക്കിയത്. ചെറിയ കുട്ടികളെ പീഡിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള പോക്‌സോ നിയമഭേദഗതി രാജ്യത്ത് രണ്ടാമത് നടപ്പാക്കിയ സംസ്ഥാനമാണ് രാജസ്ഥാന്‍. കഴിഞ്ഞ ഡിസംബര്‍ പോക്‌സോ നിയമഭേദഗതി ബില്‍ പാസ്സാക്കിയ മധ്യപ്രദേശാണ് ആദ്യസംസ്ഥാനം.

മെയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രക്ഷിതാക്കളില്ലാത്ത സമയത്ത് ബന്ധുവിനൊപ്പം ഉണ്ടായിരുന്നു പെണ്‍കുട്ടിയെ അയല്‍ക്കാരനായ പ്രതി വീട്ടില്‍ നിന്നും എടുത്ത് കൊണ്ടുപോയി  പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

പീഡനത്തെ തുടര്‍ന്ന് 20 ദിവസം പെണ്‍കുട്ടി അല്‍വാറിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു. അതിവേഗ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്.

SHARE