180 കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്, ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിമതിയും കൊള്ളയും നിര്‍ബാധം തുടരുന്നുവെന്ന് തെളിയിച്ചുകൊണ്ട് പുതിയ ആരോപണം. ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനും പിഴ ചുമത്തുന്നതിനുമായി സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് വന്‍ കൊള്ളക്കു സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്ന വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുവിട്ടത്. 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയിലാണ് അഴിമതിക്ക് കളമൊരുങ്ങുന്നതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കാനും അവക്ക് ജനങ്ങളില്‍നിന്നു പിഴ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കുന്ന പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി. ഇതിനായി ടെന്‍ഡര്‍ സമര്‍പ്പിച്ച സിഡ്‌കോയെ ഒഴിവാക്കി കെല്‍ട്രോണിനെ മുന്‍നിര്‍ത്തി ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാനാണ് നീക്കം. 90 ശതമാനം തുകയും സ്വകാര്യ കമ്പനിക്ക് സര്‍വീസ് ചാര്‍ജായും മെയിന്റനന്‍സ് ചാര്‍ജായും നല്‍കുമ്പോള്‍ പത്തു ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പദ്ധതി അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 350 സ്പീഡ് ലിമിറ്റ് വയലേഷന്‍ ക്യാമറകളും 30 റെഡ് ലൈറ്റ് വയലേഷന്‍ ക്യാമറകളും 100 ഹെല്‍മെറ്റ് അബ്‌സെന്‍സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്വകാര്യ കമ്പനി സ്ഥാപിക്കും. ഇവര്‍ തന്നെ ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് കൈമാറും. പൊലീസ് പിഴ ചുമത്തും. ഇത്തരത്തിലൊരു പദ്ധതി ഏറ്റെടുക്കാനുള്ള സാമ്പത്തിക ഭദ്രത പാപ്പനംകോട് വ്യവസായ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ കമ്പനിക്കില്ലെന്നാണ് കണ്ടെത്തല്‍. വിവാദ കമ്പനിയായ ഗാലക്‌സോണ്‍ ആണ് ഇതിനായി ഈ കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് ആരോപണവുമുണ്ട്. ഗാലക്‌സോണിന് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കാന്‍ കെല്‍ട്രോണ്‍ വഴി സ്വകാര്യ കമ്പനിയെ മുന്‍നിര്‍ത്തി നടത്തുന്ന വലിയ തട്ടിപ്പും അഴിമതിയുമാണിതെന്ന് ചെന്നിത്തല ആരോപിച്ചു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ഗുരുതര ആരോപണങ്ങള്‍ക്കു പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയരുന്നത്. ഇത് വരും ദിവസങ്ങളില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.
പൊലീസ് ക്വാര്‍ട്ടേഴ്‌സ് പണിയുന്നതിനായി അനുവദിച്ച ഫണ്ട് വക മാറ്റി ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആഢംബര വില്ലകള്‍ പണിതതും പൊലീസ് നവീകരണ ഫണ്ട് വകമാറ്റി ആഢംബര വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഡി.ജി.പിയെ മാറ്റി നിര്‍ത്തി വിഷയത്തില്‍ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാറിനെതിരെ ശക്തമായ പ്രത്യക്ഷ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം.

SHARE