’17 വര്‍ഷം ഞാന്‍ ബിജെപി പ്രവര്‍ത്തകനായിരുന്നു, എന്നിട്ടും അവരെന്റെ ഫാക്ടറിക്ക് തീവെച്ചു’; ബിജെപി വിടുകയാണെന്ന് മുഹമ്മദ് ആതിഖ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ബിജെപി വിടുകയാണ് ബിജെപി ന്യൂനപക്ഷ സെല്‍ തലവനായ മുഹമ്മദ് ആതിഖ്. ഡല്‍ഹി ബ്രഹ്മപുരി മണ്ഡലത്തിലെ ന്യൂനപക്ഷ സെല്‍ തലവനാണ് ആതിഖ്. താന്‍ പാര്‍ട്ടി വിടുകയാണെന്നും ബിജെപിയില്‍ നിന്നും നേരിട്ടത് കനത്ത അവഗണനയാണെന്നും മുഹമ്മദ് ആതിഖ് പറഞ്ഞു.

ഡല്‍ഹി കലാപത്തിനിടെ കാരവാല്‍ നഗറിലുള്ള ആതിഖിന്റെ ഫാക്ടറി അക്രമികള്‍ തീയിടുകയായിരുന്നു. നഷ്ടമുണ്ടായിട്ടും തന്നെ വിളിക്കുവാനോ ആശ്വസിപ്പിക്കാനോ ഒരു ബിജെപി നേതാവു പോലും ശ്രമിച്ചിട്ടില്ലെന്നും ഇനിയും ആരും വിളിച്ചില്ലെങ്കില്‍ ഏതാനും ദിവസത്തിനുള്ളില്‍ പാര്‍ട്ടി വിടുമെന്നും ആതിഖ് പറഞ്ഞു.

കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ബി.ജെ.പിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് മനോജ് തിവാരിയെപ്പോലെ തന്നെ ഞാനും ബീഹാറില്‍ ജനിച്ചുവളര്‍ച്ച ആളാണ്. അദ്ദേഹത്തിന് എന്നെ അറിയാം. പക്ഷെ എനിക്ക് ഒരു മുസ്‌ലീം പേര് ഉണ്ടെന്നതിനാല്‍ ഞാന്‍ അദ്ദേഹത്തിന് അന്യനായി’, മുഹമ്മദ് ആതിഖ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകനാകാനുള്ള തന്റെ തീരുമാനത്തെ തന്റെ സമുദായത്തിലെ അംഗങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും ആതിഖ് പറഞ്ഞു.

‘ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ സാത്ത്, സബ്ക വികാസ് എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ചു. ബി.ജെ.പിയെ വിമര്‍ശിക്കുന്നവരുമായി തര്‍ക്കിച്ചു. എന്നാല്‍ ഒടുവില്‍ പാര്‍ട്ടി എന്നോട് എന്താണ് ചെയ്തതെന്ന് ഇപ്പോള്‍ അവര്‍ എന്നോട് ചോദിക്കുമ്പോള്‍ അതിന് എനിക്ക് ഉത്തരമില്ലെന്നും മുഹമ്മദ് ആതിഖ് കൂട്ടിച്ചേര്‍ത്തു.

SHARE