സ്ത്രീയായി ജീവിക്കാന്‍ അനുമതി വേണം; മലപ്പുറത്ത് അധികൃതരെ സമീപിച്ച് 17കാരന്‍

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. വിഷയത്തില്‍ കുടുംബത്തോട് വഴക്കിട്ട് വീടു വിട്ടിറങ്ങിയ കൗമാരക്കാരനെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാക്കുകയായിരുന്നു.

കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്ന വിലയിരുത്തലില്‍ ചെയര്‍മാന്‍ പി.ഷാജേഷ് ഭാസ്‌കര്‍ ഒരു മാസത്തേക്കു കുട്ടിയെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണയില്‍ അയയ്ക്കുകയായിരുന്നു.

വീട്ടില്‍നിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും കുട്ടി പറയുന്നു.

കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കി. വിശദമായി മൊഴിയെടുത്ത ശേഷമാണ് കമ്മിറ്റി ഉത്തരവ്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കി.

SHARE