പതിനേഴുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

ഡല്‍ഹി: യുവാവിനെ പതിനേഴുകാരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊന്നു. ബൈക്കില്‍ അഭ്യാസം നടത്തരുതെന്ന് വിലക്കിയതിനെ തുടര്‍ന്നാണ് കൗമാരക്കാരന്‍ കൊടുംകൃത്യം നടത്തിയത്.ഡല്‍ഹിയിലെ രഘുബീര്‍ നഗര്‍ സ്വദേശിയായ മനീഷ്(25) ആണ് കൊല്ലപ്പെട്ടത്. കാര്‍ ഡ്രൈവറായിരുന്നു മനീഷ്. പ്രതികളായ മൂന്നു പേര്‍ക്കും പതിനേഴ് വയസാണ് പ്രായം.

സ്ഥിരമായി അമിതവേഗതയില്‍ ബൈക്കോടിച്ചിരുന്ന പ്രതിയോട് മനീഷ് ഇത് ആവര്‍ത്തിക്കരുതെന്ന് പല പ്രാവശ്യം താക്കീത് നല്‍കിയിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ ദിവസവും ബൈക്കില്‍ എത്തിയ പ്രതിക്ക് മനീഷ് മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ പ്രതി മനീഷിനെ ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ 28 കുത്തേറ്റ മനീഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പേ തന്നെ മനീഷ് മരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി.

SHARE