യുവാവിനെ പ്രണയിച്ചതിന് 16 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി; മൃതദേഹം മൃഗങ്ങള്‍ തിന്ന നിലയില്‍

ഔറംഗബാദ്: ഗ്രാമീണനായ യുവാവിനെ പ്രണയിച്ചതിന് 16 കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. 26കാരനായ അനില്‍ സൂര്യവന്‍ശിയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ നാന്‍ഡെഡ് ജില്ലയിലെ ദെഗ്ലൂരിലാണ് ദാരുണ സംഭവം. ദുരഭിമാന കൊലയാണെന്ന് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ 22ന് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃഗങ്ങളും മറ്റും തിന്ന നിലയില്‍ പാതി ശരീരം മാത്രമാണ് കണ്ടെത്തിയത്. കല്‍പ്പന സൂര്യവന്‍ശി എന്ന 16കാരിയാണ് മരിച്ചത്. ഗ്രാമത്തിലുള്ള 20 കാരനുമായി പെണ്‍കുട്ടി രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കാമുകനേയും പൊലീസ് ചോദ്യം ചെയ്യും. വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ കടുത്ത എതിര്‍പ്പായിരുന്നുവെന്നും ഇതോടെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ സഹോദരന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

അതേസമയം സഹോദരന്‍ മാത്രമല്ല കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഈ കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഈ മാസം 20ന് കുട്ടിയെ കാണാതായിട്ടും കുടുംബം പരാതി നല്‍കാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്.

SHARE