മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമായി മൂന്ന് വാഹനാപകടങ്ങളില്‍ 16 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച രാത്രി മധ്യപ്രദേശിലെ ഗുനയില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസ് കൂട്ടിയിടിച്ച് എട്ട് തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ തൊഴിലാളികളെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് യുപിയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുകയായിരുന്നു.
അതേസമയം, ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ബസിടിച്ച് ആറ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്ന് കാല്‍നടയായി ബിഹാറിലേക്ക് പോയ കുടിയേറ്റതൊഴിലാളികളാണ് റോഡില്‍ ചതഞ്ഞരഞ്ഞത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മുസാഫര്‍നഗര്‍-സഹ്രന്‍പുര്‍ ഹൈവേയില്‍ ഘലൗലി ചെക്ക്‌പോസ്റ്റിന് സമീപം വെച്ചായിരുന്നു അപകടം.
ഇതിവിടെ, ബീഹാറിലെ സമസ്തിപൂരിലെ ശങ്കര്‍ ചൗക്കിന് സമീപം നടന്ന ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് 2 തൊഴിലാളികള്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുസാഫര്‍പൂരില്‍ നിന്ന് കതിഹാറിലേക്ക് പോകുന്ന ബസില്‍ 32 കുടിയേറ്റ തൊഴിലാളികളുണ്ടായിരുന്നതായാണ് വിവരം. മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് കാല്‍നടയായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ മരിക്കുന്നത് തുടര്‍ക്കഥയാവുകയാണ്.
കഴിഞ്ഞ ആഴ്ച റെയില്‍പാളത്തിലൂടെ നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന മടങ്ങിയ 16 കുടിയേറ്റ തൊഴിലാളികള്‍ ചരക്കുതീവണ്ടിയിടിച്ച് മരിച്ചിരുന്നു.