ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും വലിയ മത്സരപ്പരീക്ഷയായ യു.പി.എസ്.സിയില്‍ മിന്നിത്തിളങ്ങി കശ്മീരികള്‍. ഇന്ന് പ്രഖ്യാപിക്കപ്പെട്ട ഫലത്തില്‍ കശ്മീരില്‍ നിന്നുള്ള 16 പേരാണ് ഉള്‍പ്പെട്ടത്. ജമ്മുവില്‍ നിന്നുള്ള അഭിഷേക് അഗസ്തസ്യ ആണ് സംസ്ഥാന പട്ടികയില്‍ ഒന്നാമത്. 38 ആണ് അഭിഷേകിന്റെ റാങ്ക്.
ജമ്മു സ്വദേശികളായ സണ്ണി ഗുപ്ത (148), ദേവ് അഹുതി (177) എന്നിവരാണ് രണ്ടും മൂന്നും റാങ്കിലുള്ളവര്‍. പാര്‍ത്ഥ് ഗുപ്ത (240) അസ്റാര്‍ അഹ്മദ് കിച്ച്ലൂ (248), നംഗ്യാല്‍ അന്ഗ്മോ (323), നദിയ ബീഗ് (350), ആഫ്താബ് റസൂല്‍ (412) എന്നിവരും മികച്ച വിജയം നേടി.
വിദൂരഗ്രാമമായ ഗീബൂം കൊകര്‍നാഗില്‍ നിന്നുള്ള സബ്സാര്‍ അഹ്മദ് ഗനി 628-ാം റാങ്കു നേടി. അനന്ത്നാഗില്‍ നിന്നുള്ള മാജിദ് ഇഖ്ബാല്‍ ഖാന് (638), സ്റ്റാന്സിന് വാങ്ഗ്യാല് (716), റഈസ് ഹുസൈന് (747), മുഹമ്മദ് നവാസ് ഷറഫുദ്ദീന് (778), സെയ്ദ് ജുനൈദ് ആദില്‍ (822) എന്നിവരാണ് വിജയിച്ച മറ്റുള്ളവര്‍.
അഞ്ചാമത്തെ ശ്രമത്തിലാണ് 38-ാം റാങ്ക് നേടിയത് എന്ന് അഭിഷേക് അഗസ്ത്യ പറഞ്ഞു. നിലവില്‍ ഷിംലയിലെ നാഷണല്‍ അക്കാദമി ഓഫ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ടില്‍ പ്രൊബേഷനിലാണ് ഇദ്ദേഹം. ഉയര്‍ന്ന റാങ്ക് കിട്ടിയ സാഹചര്യത്തില്‍ ഐ.എ.എസ് തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സായിയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനാണ് അഭിഷേകിന്റെ അച്ഛന്. സ്വകാര്യ സ്കൂള്‍ അദ്ധ്യാപികാണ് അമ്മ.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ ശേഷം വന്ന യു.പി.എസ്.സി പരീക്ഷാഫലമാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് സംസ്ഥാനത്തിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞത്.