16 പട്ടിക്കുട്ടികളെ തല്ലിക്കൊന്നു; രണ്ട് നേഴ്സിങ് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത; 16 പട്ടിക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് കൊല്‍ക്കത്തയില്‍ രണ്ട് നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. രത്തന്‍ സിര്‍കാര്‍ ഹോസ്പിറ്റലിലെ രണ്ട് വിദ്യാര്‍ഥികളെയാണ് ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പട്ടിക്കുട്ടികളെ ക്രൂരമായി തല്ലിക്കൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ മൗതുസി മണ്ഡല്‍, മൂന്നാം വര്‍ഷ വിദ്യാര്‍ഥി സോമ ബര്‍മന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഹോസ്റ്റിലിന് അടുത്തുണ്ടായിരുന്ന 16 പട്ടിക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായാണ് അന്വേഷണം നടത്തിയ ഹോസ്പിറ്റല്‍ സൂപ്രണ്ട് പറയുന്നത്. രണ്ടുപേര്‍ ചേര്‍ന്ന് 16 പട്ടിക്കുട്ടികളെ കൊല്ലാന്‍ സാധ്യതയില്ലെന്നാണ് അവര്‍ പറയുന്നത്. പ്രതികള്‍ക്കെതിരേ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ചെറിയ രീതിയില്‍ അക്രമാസക്തമായി. ബംഗാളി സിനിമ അഭിനേതാക്കളും സംഭവത്തിനെതിരേ രംഗത്തെത്തി. കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

SHARE