ദുബൈ: ചൈനീസ് കമ്പനി സിനോഫാം സി.എന്‍.ബി.ജിയുമായി ചേര്‍ന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കാളികളായത് പതിനയ്യായിരം വളണ്ടിയര്‍മാര്‍. 102 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ആദ്യഘട്ട പരീക്ഷണത്തിന്റെ കുത്തിവയ്പ്പ് എടുത്തത്. കോവിഡിനെതിരെ ആഗോളതലത്തില്‍ ഇത്രയും വൈവിധ്യപൂര്‍ണമായ വാക്‌സിന്‍ പരീക്ഷണം നടക്കുന്നത് ആദ്യമാണ്. യു.എ.ഇക്ക് പുറമേ, ബഹ്‌റൈനിലും കഴിഞ്ഞ ദിവസം പരീക്ഷണം ആരംഭിച്ചു.
ജൂലൈ 16നാണ് അബുദാബിയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. യു.എ.ഇ ആരോഗ്യമന്ത്രാലയം, ജി42 ഹെല്‍ത്ത്‌കെയര്‍, അബുദാബി ആരോഗ്യവകുപ്പ്, അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനി എന്നിവരാണ് പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇതുവരെ ആദ്യത്തെ രണ്ട് ഡോസ് വാക്‌സിനാണ് വളണ്ടിയര്‍മാര്‍ സ്വീകരിച്ചിട്ടുള്ളത്. പതിനയ്യായിരം പേരില്‍ 4500 പേര്‍ യു.എ.ഇ പൗരന്മാരാണ്. 140 ഡോക്ടര്‍മാര്‍, 300 നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാക്‌സിന്‍ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ഫോര്‍ഹ്യുമാനിറ്റി എന്ന പേരില്‍ കഴിഞ്ഞ മാസമാണ് വാക്‌സിന്‍ പ്രചാരണം ആരംഭിച്ചത്. അബുദാബിയിലെ നാഷണല്‍ എക്‌സബിഷന്‍ കമ്പനി, ഷാര്‍ജയിലെ അല്‍ ഖര്‍നൈന്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ നിന്ന് ആര്‍ക്കും കുത്തിവയ്പ്പ് എടുക്കാം. അബുദാബി ആരോഗ്യവകുപ്പ് വിഭാഗം ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദ് ആണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ച വളണ്ടിയര്‍.
എല്ലാവരും പദ്ധതിയോട് സഹകരിച്ചതായും പ്രതീക്ഷയോടെയാണ് മുമ്പോട്ട് പോകുന്നത് എന്നും ആരോഗ്യമന്ത്രി ഡോ. അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഉവൈസ് പറഞ്ഞു. വാക്‌സിന്‍ പരീക്ഷണത്തിന് പറ്റിയ യഥാര്‍ത്ഥ സ്ഥലം യു.എ.ഇയാണ് എന്ന് തങ്ങളുടെ തീരുമാനം തെറ്റിയില്ലെന്ന് സിനോഫാം ഗ്രപ്പ് പ്രസിഡണ്ട് ജിന്‍ജിന്‍ ഴു പറഞ്ഞു. വോളണ്ടിയര്‍മാരുടെ വൈവിദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയില്‍ നിന്നടക്കമുള്ള ആളുകള്‍ മരുന്നു പരീക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്.