യുവാക്കള്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; പതിനഞ്ചുകാരി സ്വയം തീകൊളുത്തി

ചെന്നൈ: യുവാക്കള്‍ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.വെല്ലൂര്‍ തുത്തിപ്പെട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഗ്രാമവാസികളായ തോമസ് (19), ബാലാജി (19), ആകാശ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. വീടിനോടു ചേര്‍ന്നുള്ള, മുകള്‍ഭാഗം ശരിയായി മറച്ചിട്ടില്ലാത്ത കുളിമുറിയില്‍ പെണ്‍കുട്ടി കുളിക്കുന്നതാണ് യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ചത്.പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ലൈംഗികമായി തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.ഇതോടെ ഭയന്നുപോയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് മണ്ണെണ്ണ ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഇതുകണ്ട അയല്‍ക്കാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

SHARE