കോവിഡ് കെയര്‍ സെന്ററില്‍ പതിനാലുകാരിയെ രോഗബാധിതന്‍ പീഡിപ്പിച്ചു

ഡല്‍ഹി: കോവിഡ് ചികിത്സയിലുള്ള പതിനാലുകാരിയെ മറ്റൊരു കോവിഡ് ബാധിതന്‍ ലൈംഗികമായി പീഡിപ്പിച്ചു. ന്യൂഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം.

ജൂലൈ 15ന് രാത്രി പെണ്‍കുട്ടി വാഷ്‌റൂമില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരനും ഇയാളുടെ കൂടെയുണ്ടായിരുന്നയാളും അറസ്റ്റിലായി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ നിയന്ത്രണത്തിലുള്ള കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം ഉണ്ടായത്. കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും ഇവരുടെ ബന്ധുക്കളും ഇവിടെ അഡ്മിറ്റാണ്.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി ബന്ധുക്കളില്‍ ഒരാളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. അവര്‍ ഐടിബിപി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ സഹായി ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു.

SHARE