കോവിഡ്: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 137 ആയി

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി ഉയര്‍ന്നു. ഇവരില്‍ എണ്‍പതിലേറെ പേരും യു.എ.ഇയിലാണ് മരിച്ചത്.

ഏപ്രില്‍ ഒന്നിന് യു.എ.ഇയിലാണ് കോവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂര്‍ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടര്‍ന്ന് രണ്ട് മാസം തികയാന്‍ മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ, ഗള്‍ഫില്‍ കോവിഡ് മൂലമുള്ള മലയാളി മരണം 137ല്‍ എത്തി നില്‍ക്കുകയാണ്. പിന്നിട്ട 3 ദിവസങ്ങളില്‍ മാത്രം 22 മരണം. ഇന്നലെ മാത്രം എട്ട്. 85ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സൗദിയിലും കുവൈത്തിലുമായി 46 മരണങ്ങള്‍. ഒമാനില്‍ രണ്ടും ഖത്തറില്‍ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്‌റൈന്‍ മാത്രമാണ് ഗള്‍ഫില്‍ കോവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.

തക്ക സമയത്ത് മെച്ചപ്പെട്ട ചികില്‍സയും പരിചരണവും ലഭ്യമാക്കുന്നതില്‍ സംഭവിക്കുന്ന അപാകത ഉള്‍പ്പെടെ പലതും മരണ കാരണമായി വിലയിരുത്തപ്പെടുന്നു. മരിച്ചവരില്‍ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറും ഉള്‍പ്പെടും. ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക അവലംബം കൂടിയാണ് നഷ്ടമായത്. അതേസമയം, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഇനിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

SHARE