ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; 13കാരിയെ ഏഴു പേര്‍ ചേര്‍ന്ന്

സീതാപൂര്‍: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണം കൈയ്യാളുന്ന ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. സീതാപൂര്‍ ജില്ലയിലാണ് 13കാരിയായ പെണ്‍കുട്ടിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചന്തയില്‍ നിന്നും അര്‍ധ സഹോദരനൊപ്പം വീട്ടിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് അക്രമികള്‍ പിടികൂടി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിമാന്‍ശു, ധന്നു, കാന്ത എന്നിവരാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി അറിയിച്ചു. കഴിഞ്ഞദിവസം ഗാസിയാബാദിലെ ലോണില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നിരുന്നു. 24കാരനായ ജിതേന്ദ്രയാണ് മരിച്ചത്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഇയാളെ പൊലീസെത്തി ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.