കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം, രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇടതുകോട്ടയായിരുന്ന ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഫെയ്‌സ്ബുക്കില്‍ കുടുംബസമേതം രമ്യ ഹരിദാസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് മലപ്പുറത്തെ നിയുക്ത എം.പി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്.

‘കേരളത്തിന്റെ അഭിമാനം. ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ. കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്.’ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കുഞ്ഞാലിക്കുട്ടി കുറിച്ചു.

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ പി.കെ ബിജുവിനെതിരെ 158968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് വിജയിച്ചത്.

നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടിയെയും രമ്യ ഹരിദാസിനെയും ചേര്‍ത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു. അശ്ലീല പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തിരുന്നു.