പന്ത്രണ്ട് വര്‍ഷം സ്‌കൂളില്‍ തൂപ്പുകാരി; ഇന്ന് അതേ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപിക: മാതൃകയായി ലിന്‍സ

ഏത് പ്രതിസന്ധി ഘട്ടത്തെയും നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരമാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീച്ചറായ ലിന്‍സ. പന്ത്രണ്ട് വര്‍ഷം തൂപ്പുകാരി ആയിരുന്ന സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുകയാണ് ലിന്‍സ ഇപ്പോള്‍. തൂപ്പുകാരിയില്‍ നിന്നും അധ്യാപികയിലേക്കുള്ള ലിന്‍സയുടെ യാത്ര ആര്‍ക്കും പ്രചോദനമാകാന്‍ പോന്നതാണ്.

ഇഖ്ബാല്‍ സ്‌കൂളിലെ സംസ്‌കൃതം അധ്യാപകന്‍ ആയിരുന്നു ലിന്‍സയുടെ അച്ഛന്‍ രാജന്‍. 2001 ല്‍ അദ്ദേഹം മരിച്ചതോടെ പകച്ചിരുന്ന കുടുംബത്തിന് സ്‌കൂള്‍ ആശ്വാസമായി. അന്ന് ലിന്‍സ ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്‍ മരിച്ചതോടെ ജോലി ആവശ്യമായി വന്നതോടെ ലിന്‍സ സ്‌കൂളുകാര്‍ വാഗ്ദാനം ചെയ്ത തൂപ്പുജോലി സ്വീകരിച്ചു. നീണ്ട പന്ത്രണ്ട് വര്‍ഷം സ്‌കൂളും പരിസരവും വൃത്തിയാക്കി. അതോടൊപ്പം പഠനവും തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.

വിദ്യാഭ്യാസ യോഗ്യത തികഞ്ഞതോടെ ഒരു അധ്യാപകന്‍ ലീവില്‍ പോയപ്പോള്‍ ആ സ്ഥാനത്തേക്ക് സ്‌കൂള്‍ അധികൃതര്‍ ലിന്‍സയെ നിയമിച്ചു. എന്നാല്‍ 2006ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി. 2012 ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ തിരിച്ച് വിളിച്ചു. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്. പക്ഷേ ലിന്‍സ തന്റെ പരിശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. സെറ്റും ടെറ്റും പാസായി ഹയര്‍ സെക്കന്ററി അധ്യാപിക ആയിരിക്കുകയാണ് ലിന്‍സ. അര്‍പ്പണബോധവും ആത്മാര്‍ഥതയും ജീവിതം മാറ്റിമറിക്കുമെന്നാണ് ലിന്‍സ പറയുന്നത്‌

SHARE