അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 1.2 ലക്ഷം മോഷ്ടിച്ച 12 വയസുകാരന്‍ പിടിയില്‍

ഡല്‍ഹി: അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് മോഷണം നടത്തിയ 12 വയസ്സുകാരന്‍ പിടിയില്‍. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് കുട്ടിയെ പിടികൂടിയത്. മോഷണമുതല്‍ സൂക്ഷിച്ചതിന് കുട്ടിയുടെ മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, 12കാരന്റെ അമ്മ ഒളിവില്‍പോയിരിക്കുകയാണ്.

ജൂലായ് 27നാണ് നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷണം പോയത്. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം ഈ 12കാരനെ പിടികൂടുകയും ചെയ്തു. എന്നാല്‍ പിടിയിലായതോടെ 12കാരന്‍ നല്‍കിയ മൊഴിയാണ് പോലീസിനെ ഞെട്ടിച്ചത്.

അമ്മയുടെ നിര്‍ദേശപ്രകാരമാണ് കാറില്‍നിന്ന് പണം മോഷ്ടിച്ചതെന്നും അമ്മയും മുത്തശ്ശിയും തന്നെ മോഷണത്തിന് ഉപയോഗിക്കുന്നത് പതിവാണെന്നുമായിരുന്നു 12കാരന്റെ മൊഴി. കാറിലെ മോഷണത്തിന് അമ്മയാണ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും വെളിപ്പെടുത്തി. മോഷണം പോയ പണത്തില്‍ 1.10 ലക്ഷം രൂപ ഇതുവരെ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മുത്തശ്ശിയാണ് പണമടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നത്. ഇതില്‍ 1.05 ലക്ഷം രൂപയുണ്ടായിരുന്നു.

SHARE