കുരങ്ങന്റെ ആക്രമണത്തില്‍ നവജാത ശിശു കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: മുലയൂട്ടുന്നതിനിടെ 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു കൊലപ്പെടുത്തി. ആഗ്രയിലെ റുണാട്ടകയിലാണ് സംഭവം. കുരങ്ങന്റെ ആക്രമണത്തില്‍ ശരീരമാസകലം മുറിവേറ്റ കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കിഴടങ്ങുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. തുറന്നിച്ച വീടില്‍ വരാന്തയില്‍ ശിശുവിനെ മുലയൂട്ടുകയായിരുന്നു മാതാവ്. ഈ സമയം സമീപത്തെ മരത്തില്‍ നിന്നും ചാടിയിറങ്ങിയ കുരങ്ങന്‍ ശിശുവിന്റെ കഴുത്തിന് പിടിച്ച് തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിനെ തൂക്കിയെടുത്ത് കുരങ്ങന്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടികയറി. കുട്ടിയെ തിരികെ കിട്ടാന്‍ ചില പൊടിക്കൈകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന്റെ മേല്‍ക്കുരയില്‍ നിന്നും കുഞ്ഞിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മാരകമായ മുറിവുകളേറ്റ കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു കുരങ്ങന്റെ ആക്രമണം.

സംഭവത്തിന് തൊട്ട് മുമ്പായി ഗ്രാമത്തിലെ പതിനാലുകാരിയായ പെണ്‍കുട്ടിയെ ഇതേ കുരങ്ങ് അക്രമിച്ച പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.