ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 8മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ 21 ദിവസത്തേക്കാണ് കര്‍ഫ്യൂ നടപ്പാക്കുക.
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാകും. വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പാക്കിയത്. കോവിഡ് 19നെ നേരിടാന്‍ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സാമൂഹ്യഅകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു. ഈ നിമിഷം നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിങ്ങള്‍ തുടരുക. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിതരാജ്യങ്ങള്‍ പോലും തകര്‍ന്നുവീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണെന്നും രാജ്യത്തെ ഓരോ പൗരന്റേയും രക്ഷയ്ക്ക് വേണ്ടിയാണ് കടുത്ത നടപടിയെടുക്കുന്നതെന്നും മോദി പറഞ്ഞു. ഇത് രാജ്യം കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകുമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ നിയന്ത്രണങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ജനത കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മിക്ക സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇതിന് പുറമെ രാജ്യത്ത് കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പ്രഖ്യാപനം.