117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കുമാരസ്വാമി

ബംഗളൂരു: ഗവര്‍ണറെ കണ്ടശേഷം പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കുമാരസ്വാമി പറഞ്ഞു.

117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തി. പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു. ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് തീരുമാനം. ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്നും തങ്ങളില്‍ നിന്നും ആരും പുറത്തുപോയിട്ടില്ലെന്നും ഡി.കെ ശിവകുമാറും വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആദ്യം ബി.ജെ.പിയെ വിളിക്കുമെന്നാണ് സൂചന. ആറുമണിക്ക് യെദിയൂരപ്പ വീണ്ടും ഗവര്‍ണറെ കാണും. ബി.ജെ.പി വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന ഓഫീസില്‍ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.