കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍; പൊലീസ് കൊലപാതകത്തിന് കേസെടുത്തു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

അമ്മയും രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമാണ് മരിച്ചത്. ബുരാരിയിലെ സാന്ത് നഗറില്‍ താമസിച്ചിരുന്ന നാരായണ്‍ ഭാട്ടിയ (75), മകള്‍ പാര്‍ത്ഥിഭ (60), ഇവരുടെ മകള്‍ പ്രിയങ്ക (30), നാരായണിന്റെ മൂത്തമകന്‍ ഭൂപി ഭാട്ടിയ (45), ഭാര്യ സവിത (42), മക്കളായ നീതു (24), മീനു (22), ധീരു (12), ഇളയ മകന്‍ ലളിത് ഭാട്ടിയ (42), ഭാര്യ ടിന (38) എന്നിവരാണ് മരിച്ചത്. ചിലരുടെ മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ നിലത്ത് കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു.

11 അംഗ കുടുംബം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യത വെച്ചാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം 10 പേരെ കൊലപ്പെടുത്തിയ ശേഷം കൂട്ടത്തിലെ തന്നെ ഒരാള്‍ ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഒരു സംശയവും തള്ളിക്കളയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സെന്‍ട്രല്‍ റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര്‍ രാജേഷ് ഖുറാന അറിയിച്ചു.

 

അതേസമയം ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കി സത്യാവസ്ഥ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Local residents of Sant Nagar, #Burari tells CM @ArvindKejriwal about the family, in whose house the tragic incident happened. pic.twitter.com/dEHNdKqJM5

— AAP (@AamAadmiParty) July 1, 2018

സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. എന്നാല്‍ വീടിനകത് മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിലും അകത്ത് മരിച്ച് കിടക്കുന്നവരുടെ കൈകള്‍ കൂട്ടി കെട്ടിയും മുഖം മറച്ച നിലയിലുമായതും മറ്റു പല നിഗൂഢതയിലേക്ക് അന്വേഷണത്തെ തിരിക്കുന്നുണ്ട്. രാത്രിയില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിയ ശേഷമാകാം കൊലപാതകമെന്നാണ് സംശയിക്കുന്നുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. കൊലപാതക ശ്രമത്തിനിടെ യാദൃശ്ചികമായി ഉണര്‍ന്ന ഇവരെ കഴുത്തറുത്തു കൊന്നതാകാമെന്നാമാണ് നിഗമനം.