കുടിശ്ശിക നല്‍കിയില്ലെങ്കില്‍ 108 ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുമെന്ന് കമ്പനി

കുടിശ്ശിക നല്‍കിയില്ലെങ്കില്‍ 108 ആംബുലന്‍സ് സര്‍വീസ് ഏപ്രില്‍ 25 ശനിയാഴ്ച മുതല്‍ അവസാനിപ്പിക്കുമെന്ന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി. 108 ആംബുലന്‍സിന്റെ മേല്‍നോട്ട ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് ആകെ 24 കോടി രൂപയുടെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ജിവികെ ഇഎംആര്‍ഐ കമ്പനി അറിയിച്ചു. ഏപ്രില്‍ 24 നുള്ളില്‍ കുടിശ്ശിക നല്‍കണമെന്നാണ് കമ്പനി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കിയ കത്തില്‍ അറിയിച്ചത്.

കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ധനചെലവ്, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപണികള്‍ എന്നിവ പ്രതിസന്ധിയിലാണെന്ന് കമ്പനി നല്‍കിയ കത്തില്‍ പറയുന്നു. ലോണെടുത്ത് വാങ്ങിയ ആംബുലന്‍സുകള്‍ പലതും ജപ്തി ഭീഷണിയിലാണെന്നും കമ്പനി പറയുന്നു. കോവിഡ് സര്‍വീസിലുളള 144 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ സര്‍വീസ് നടത്തുന്ന 315 ആംബുലന്‍സുകള്‍ ഇതോടെ സര്‍വീസ് നിര്‍ത്തുന്ന സാഹചര്യമുണ്ടായേക്കും.

SHARE