ഒറ്റദിവസം ആയിരത്തിലേറെ പുതിയ കേസുകള്‍; ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരണം 11,000 കടന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,076 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം.
ഇന്ത്യയില്‍ അണുബാധകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായയും ആകെ കോവിഡ് സ്ഥിരീകരണം 11439 ആയതായും റിപ്പോര്‍ട്ട്.

ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ 377 ആണ്. കേസുകള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്തെ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നിരുന്നാലും, സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ഏപ്രില്‍ 20 ന് ശേഷം ചില ഇളവുകള്‍ ഏര്‍പ്പെടുത്തി.

ഇന്ത്യയിലെ 170 ജില്ലകള്‍ കോവിഡ് -19 ഹോട്ട്സ്പോട്ടുകളാണെന്നും എന്നാല്‍ 207 ജില്ലകള്‍ കോവിഡ് -19 ഹോട്ട്സ്പോട്ടുകളാവാന്‍ സാധ്യതയുള്ള മേഖലായാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും എന്നാല്‍ ഹോട്ട്സ്പോട്ടുകളെല്ലാത്തതുമായ മേഖലയിലും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.