ഇടിമിന്നലേറ്റ് യു.പിയിലും ബിഹാറിലുമായി 107 പേര്‍ മരിച്ചു

ലഖ്‌നൗ: ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലും ബിഹാറിലുമായി 107 പേര്‍ മരിച്ചു. ബിഹാറില്‍ 83 പേരും യുപിയില്‍ 24 പേരുമാണ് മരിച്ചത്. ബിഹാറില്‍ 30 പേര്‍ക്കും യുപിയില്‍ 12 പേര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. ബിഹാറിലെ ഖഗാരിയ ജില്ലയില്‍ പതിനഞ്ച് കന്നുകാലികളും ചത്തു.

വ്യാഴാഴ്ച വൈകീട്ട് ബിഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേര്‍ മരിച്ചത്. സംസ്ഥാനത്തെ 24 ജില്ലകളിലും ഇടിമിന്നലേറ്റ് വ്യാഴാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിപ്പണിയിലും മറ്റും ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും. വെള്ളിയാഴ്ച 10 ജില്ലകളില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശില്‍ ഇടിമിന്നലില്‍ ദേവ്‌റിയയിലാണ് ഏറ്റവുമധികം മരണം. ഒമ്പതുപേര്‍ ഇവിടെ മരിച്ചു.

SHARE