സ്ഥിരമായി ചെരുപ്പ് കളവ്; കള്ളനെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബെര്‍ലിന്‍: സ്ഥിരമായി ചെരുപ്പ് കളവ് പോകുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കള്ളനെ പിടികൂടി. കള്ളനെ കണ്ട നാട്ടുകാര്‍ ഞെട്ടി. ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ സെലെണ്ടോര്‍ഫിലാണ് സംഭവം.

ഒരു പ്രദേശത്തെ ചെരുപ്പുകള്‍ സ്ഥിരമായി കളവ് പോകുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിഭ്രാന്തിയിലായത്. തുടര്‍ന്ന് കള്ളനെ കാത്തിരിക്കുകയായിരുന്നു. അവസാനം നാട്ടുകാര്‍ കള്ളനെ പിടിച്ചു. അതൊരു കുറുക്കനായിരുന്നു. അതോടെ ആളുകളുടെ ആശങ്ക ചിരിക്ക് വഴിമാറുകയായിരുന്നു. ഇതോടെ ജനങ്ങളുടെ ദിവസങ്ങള്‍ നീണ്ട പരിഭ്രാന്തിക്കും ഭയപ്പാടിനും വിരാമമായി. മിക്കവാറും എല്ലാത്തരം പാദരക്ഷകളും കുറുക്കന്‍ ശേഖരിച്ച് വെച്ചിരുന്നു. ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്.

പക്ഷേ, കള്ളനെ പിടിച്ചെങ്കിലും അതൊരു കുറുക്കനാണെന്ന് അറിഞ്ഞതോടെ വെറുതെ വിടുകയായിരുന്നു നാട്ടുകാര്‍. പ്രദേശവാസിയായ ക്രിസ്റ്റ്യന്‍ മെയര്‍ ജര്‍മനിയിലെ പ്രമുഖ സമൂഹമാധ്യമങ്ങളിലൊന്നില്‍ വിവരം പോസ്റ്റ് ചെയ്തതോടെയാണ് ചെരുപ്പ് എല്ലാവര്‍ക്കും നഷ്ടമായിട്ടുണ്ടെന്ന വിവരം നാട്ടുകാര്‍ അറിഞ്ഞത്. ഇതാണ് കള്ളനായ കുറുക്കനെ കണ്ടെത്തുന്നതിലേക്ക് എത്തിയത്.

ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ നഷ്ടമായ എല്ലാ ചെരുപ്പുകളും അവിടെയുണ്ടായിരുന്നു. ഒന്നിനും ഒരു പോറലുപോലും പറ്റിയിരുന്നില്ല. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.

SHARE