ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്.സി, എന്‍.പി.ആര് എന്നിവക്കെതിരേ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങി രാജ്യത്തെ 100 സംഘടനകള്‍. സി.എ.എ, എന്‍.പി.ആര്, എന്‍.ആര്.സി എന്നിവയ്ക്കെതിരെ പ്രതിഷേധിക്കുന്ന എല്ലാവരോടും ഒരൊറ്റ ബാനറില്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സ്വരാജ് അഭിയാന് പാര്‍ട്ടിയുടെ സ്ഥാപകന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.
‘വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്നത് നമ്മുടെ ഭരണഘടനയുടെ ആദ്യത്തെ വാക്യമാണ്. അതിനേക്കാള്‍ വലുതായി മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഈ മാസം തന്നെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ ജനന, മരണ വാര്‍ഷികങ്ങള്‍ അടയാളപ്പെടുത്തുന്ന സുപ്രധാന ദിവസങ്ങളിലായിരിക്കും പ്രതിഷേധങ്ങള്‍. സാവിത്രിബായ് ഫൂലെയുടെ ജന്മ വാര്‍ഷികമായ ജനുവരി മൂന്നിന് ആദ്യ പ്രക്ഷോഭം സംഘടിപ്പിക്കും.
കര്‍ഷക സംഘടനകളും ഇടത്പക്ഷ തൊഴിലാളി സംഘടനകളും ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത ജനുവരി എട്ടിനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയ യുവജന ദിനവും സ്വാമി വിവേകാനന്ദിന്റെ ജന്മവാര്ഷികവുമായ ജനുവരി 12 ന് രണ്ടാംഘട്ട പ്രക്ഷോഭങ്ങള്‍ നടക്കും. രോഹിത് വെമുല കൊല്ലപ്പെട്ട ദിവസമായ ജനുവരി 17 ന് സാമൂഹികനീതി ദിനമായി ആചരിക്കും. സംക്രാന്തി ദിനമായ ജനുവരി 14, 15 തീയതികളില്‍ പൗരത്വ നിയമത്തിനെതിരേ എല്ലാ സംസ്കാരങ്ങളിലെയും എല്ലാ ജന വിഭാഗങ്ങളേയും ഏകോപിപ്പിച്ച് പ്രക്ഷോഭം നടത്തും. ജനുവരി 26 ന് അര്‍ദ്ധരാത്രിയില്‍ പതാക ഉയര്‍ത്തുകയും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് രാജ്യവ്യാപകമായി മനുഷ്യചങ്ങല സൃഷ്ടിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.