യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം; 10 നാവികരെ കാണാതായി

സിംഗപ്പൂര്‍: ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു. 10 നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്തിനു സമീപം യു.എസ്.എസ് ജോണ്‍ മക്കെയിന്‍ യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. രണ്ടു മാസത്തിനിടെ അമേരിക്കന്‍ യുദ്ധക്കപ്പലുകളുള്‍പ്പെട്ട രണ്ടാമത്തെ അപകടമാണിത്. പ്രാദേശിക സമയം പുലര്‍ച്ചെ 5.24നായിരുന്നു അപകടം. കാണാതയവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. യു.എസ് നാവികസേനയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറിന്റെ പിന്‍ഭാഗം കൂട്ടിയിടിയില്‍ തകര്‍ന്നു. ലൈബീരിയന്‍ എണ്ണക്കപ്പലായ അല്‍നിക് എംസിയുടെ ഒരു ടാങ്കറിന് സമീപം കേടുപാടുണ്ട്. എന്നാല്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ഓയില്‍ ചോരുകയോ ചെയ്തിട്ടില്ല.

എണ്ണക്കപ്പലിന് അമേരിക്കന്‍ കപ്പലിനെക്കാള്‍ മൂന്നിരട്ടി ഭാരമുണ്ട്. സിംഗപ്പൂരിന് കിഴക്ക് നങ്കൂരമിടാന്‍ തയാറെടുക്കുമ്പോഴാണ് യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചത്. യു.എസ്.എസ് ജോണ്‍ മക്കെയിന് സിംഗപ്പൂരില്‍ പതിവ് തുറമുഖ സ്റ്റോപ്പുണ്ട്. കാണാതായ യു.എസ് നാവികര്‍ക്കുവേണ്ടി അമേരിക്കന്‍ സൈനിക ഹെലികോപ്ടറുകളും സിംഗപ്പൂരിന്റെയും മലേഷ്യയുടെയും നാവികസേനാംഗങ്ങളും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ തുടരുകയാണ്. തെരച്ചിലില്‍ പങ്കെടുക്കാന്‍ ജോഹോര്‍, പഹാന്‍ഗ് തീരത്തെ മത്സ്യബന്ധന കപ്പലുകള്‍ക്കും നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമായത് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് മലേഷ്യന്‍ നാവികസേനാ വക്താവ് അറിയിച്ചു. അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുടെ ഭാഗമായി ജപ്പാനിലെ യോകോസുകയുടെ തുറമുഖം കേന്ദ്രീകരിച്ചാണ് മക്കെയ്ന്‍ പ്രവര്‍ത്തിച്ചിരുന്നത്.

ജൂണില്‍ യു.എസ്.എസ് ഫിറ്റ്‌സ്‌ഗെറാള്‍ഡ് ജപ്പാന്‍ തെക്ക് മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് ഏഴു നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

SHARE