കര്‍ണാടകയില്‍ ആകെ 76 സ്ഥിരീകരണം, മൂന്ന് മരണം; ബംഗളൂരില്‍ 5 അഞ്ച് പേരെ ഡിസ്ച്ചാര്‍ജ് ചെയ്തു

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 74 ആയി.
”ഇതുവരെ 74 കോവിഡ്19 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്, അതില്‍ 3 മരണങ്ങളും 5 ഡിസ്ചാര്‍ജുകളും ഉള്‍പ്പെടുന്നു,” കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ന് രാവിലെ വരെ പത്ത് പുതിയ കേസുകളാണ് കണ്ടെത്തിയത്. അതില്‍ ഒമ്പത് പേര്‍ക്കും ഇതിനകം കോവിഡ് -19 സ്ഥിരീകരിച്ച നേരിട്ട് സമ്പര്‍ക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് രോഗം സുഖപ്പെട്ട 5 പേരും ബംഗളൂരില്‍ നിന്നാണ്.

ഇന്നലെ, ദക്ഷിണ കന്നഡ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 10 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. കടുത്ത പനിയും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖവും മൂലം മാര്‍ച്ച് 23 നാണ് കുഞ്ഞിനെ മാംഗ്ലൂര്‍ ഡെര്‍ലകട്ടിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ആരോഗ്യം ഗുരതരമല്ലെന്ന് ആരോഗ്യ ഓഫീസര്‍ രാമചന്ദ്ര ബയാരി അറിയിച്ചു.

കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതോടെ കുടുംബത്തെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്. ഇവരുടെ ഗ്രാമം അടച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ഇന്ത്യയിലും കൂടുകയാണ്. ഇന്ത്യയിലെ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ അതിന്റെ നാലാം ദിവസത്തിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചുള്ള മരണം 20 ആയി.
തെലങ്കാനയിലെ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. ഡല്‍ഹിയില്‍ നിന്നും വന്ന 74 കാരനാണ് കൊറോണ ബാധിച്ച് മരിച്ചത്. ശനിയാഴ്ച ഹൈദരാബാദിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. തെലങ്കാനയില്‍ ഇന്ന് മാത്രം ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേവരെ 65 പോസിറ്റിവ് കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ കേരളത്തില്‍ 69 കാരനും മരണം കോവിഡ് ബാധിച്ച് മരണം സംഭവിച്ചിരുന്നു. കൊച്ചി മട്ടാഞ്ചേരി സ്വദേശി  സേഠ് യാക്കൂബ് ഹൂസൈനാണ് കേരളത്തിലെ ആദ്യ കോവിഡ് മരണം. മൃതദേഹം ആരോഗ്യവകുപ്പിന്റെ ചുമതലയില്‍  മട്ടാഞ്ചേരി കച്ചി മേമന്‍ ജുമാമസ്ജിദില്‍ കബറടക്കി.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗികളുടെ മരണസംഖ്യ ആറിലേക്ക് ഉയര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിച്ച 85 കാരനായ ഡോക്ടറാണ് അവസാനം മരിച്ചത്.

അതേസമയം, ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് അടച്ച കേരളത്തിലേക്കുള്ള അതിർത്തി കർണാടക തുറക്കും. ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറക്കാനാണ് കർണാടക സർക്കാറിന്റെ തീരുമാനം. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. മംഗലാപുരം-കാസർഗോഡ്, മൈസൂർ-എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടൽപ്പേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിന് തുറക്കുന്നത്.