ലക്ഷ്യമിട്ടത് ഒരു കോടി ഭക്ഷണപ്പൊതി, ഇതുവരെ കിട്ടിയത് 1.40 കോടി ഭക്ഷണം- പദ്ധതിക്ക് വന്‍ ജനപിന്തുണ

ദുബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഭാര്യ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമും ആവിഷ്‌കരിച്ച ഒരു കോടി ഭക്ഷണ പദ്ധതിക്ക് വന്‍ ജനപിന്തുണ. പദ്ധതി പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്ക് പദ്ധതിയിലേക്ക് ഒരു കോടി നാല്‍പ്പതു ലക്ഷം ഭക്ഷണപ്പൊതികളാണ് കിട്ടിയത്.

വിശുദ്ധ റമസാനില്‍ ദാനം ചെയ്യുന്നതിന്റെ മഹത്വമാണ് പദ്ധതിയിലൂടെ പ്രകാശിതമായത് എന്ന് ശൈഖ ഹിന്ദ് പ്രതികരിച്ചു. ദുബൈ ഭരണാധികാരിയും ഭാര്യയും ട്രസ്റ്റികളായ ദുബൈ ഫുഡ് ബാങ്കിനാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.

വരുമാനം കുറഞ്ഞവര്‍ക്കായി ഭക്ഷണം എത്തിക്കുന്ന പദ്ധതിയില്‍ കമ്പനികള്‍, ബിസിനസുകാര്‍, മനുഷ്യാവകാശ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയ നിരവധി പേരാണ് ഭാഗമായത്. പൊതു-സര്‍ക്കാര്‍ മേഖലകളും പദ്ധതിയേറ്റെടുത്തു. വിശുദ്ധ മാസത്തിന്റെ അവസാനം വരെയാണ് പദ്ധതിയുടെ കാലാവധി.

രാജ്യം കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതിയില്‍ വിവിധ കെ.എം.സി.സികളും വ്യവസായി എം.എ യൂസഫലിയും ഭാഗഭാക്കായിരുന്നു. പത്തു ലക്ഷം ദിര്‍ഹമാണ് യൂസഫലി സംഭാവന നല്‍കിയിരുന്നത്.

എട്ടു ദിര്‍ഹമാണ് ഒരു ആഹാരത്തിന്റെ വിഹിതം. ഇത്തിസാലാത്ത്, ഡു ഫോണ്‍ നമ്പറുകളില്‍ നിന്ന് 1034 നമ്പറിലേക്ക് മീല്‍ എന്ന എസ്.എം.എസ് അയച്ചാല്‍ ഒരു ആഹാരത്തിനുള്ള വിഹിതം നല്‍കാന്‍ സാധിക്കും. ഫോണ്‍ ബാലന്‍സില്‍ നിന്നോ ഫോണ്‍ ബില്ലില്‍ നിന്നോ ആണ് തുക ഈടാക്കുക. ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 8004006 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.