മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

ബൊകാറോ: ജാര്‍ഖണ്ഡിലെ ബൊകാറോയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്നാരോപിച്ച് മുസ്്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷംസുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ ചന്ദ്രപുരയിലെ നര ഗ്രാമത്തില്‍ വെച്ച് സംഘ്പരിവാര്‍ ഗുണ്ടകള്‍ തല്ലിക്കൊന്നത്.

ഭാര്യ സഹോദരന്റെ വീട്ടിലേക്ക് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അന്‍സാരി. കേസിലെ പ്രതികളായ പത്ത് പേരും കുറ്റക്കാരാണെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് 14,000 രൂപ വീതം പിഴയും വിധിച്ചു. ഇതില്‍ 1.20 ലക്ഷം രൂപ കൊല്ലപ്പെട്ട അന്‍സാരിയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. കിശോര്‍ ദസൗന്ദി, സാഗര്‍ ടുറി, സൂരജ് കുമാര്‍ ബേണ്‍വാള്‍, മനോജ് ടുറി, സോനു ടുറി, ചോട്ടിയ കൊയ്‌രി, ജിതേന്ദ്ര താക്കൂര്‍, ജിതേന്ദ്ര രജക്, ചന്ദന്‍ ദസൗന്ദി എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ മാസം ബീഫ് കടത്തിയെന്നാരോപിച്ച് മുസ്്‌ലിം വ്യാപാരിയെ തല്ലിക്കൊന്ന കേസില്‍ 11 ഗോരക്ഷാ ഗുണ്ടകളെ രാംഗഡ് ഫാസ്റ്റ്ട്രാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.