കശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത; 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷെയ്ക്ക് വസീം ബാരിക്ക് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പത്ത് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽ‌ബാഗ് സിംഗ് പറഞ്ഞു.
കൃത്യമായ ആസൂത്രണത്തിലാണ് ഷെയ്ക്ക് വസീം ബാരിയടക്കമുള്ളവരെ ഭീകരര്‍ വധിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സുരക്ഷാ ജീവനക്കാര്‍ ഒപ്പമില്ലാത്ത സമയം തിരിച്ചറിഞ്ഞാണ് ആക്രമണമുണ്ടായതെന്നും ഒരു ബൈക്കിലെത്തിയാളാണ് വെടിയുതിര്‍ത്തതെന്ന് സമീപത്തെ ക്യാമറയില്‍ നിന്നും വ്യക്തമായായും പോലീസ് പറയുന്നു. സൈലന്‍സര്‍ ഘടിപ്പിച്ച റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെപ്പ് നടന്നത്. ഡ്യൂട്ടി ഒഴിവാക്കിയതിനും ജീവൻ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും ഞങ്ങൾ അവർക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബന്ദിപേര പോലീസ് സ്റ്റേഷന് 10 മീറ്റര്‍ അകലെവെച്ചാണ് വെടിവെപ്പുണ്ടാതെന്നതും സംഭവത്തിലെ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ബന്ദിപേരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് മൂന്ന് പേര്‍ക്കും വെടിയേറ്റത്. വെടിവെപ്പ് ഉണ്ടാകുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ സംഭവസ്ഥലത്തെ കെട്ടിടത്തിന് മുകളിലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ നിന്ന് മാറി നിന്നതടക്കമുള്ള വീഴ്ചകളുണ്ടാതായും ആരോപണമുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്ന് പേര്‍ക്കും തലയ്ക്കാണ് വെടിയേറ്റതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് സൈലന്‍സര്‍ ഘടിപ്പിച്ച റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്നാണ് വെടിവെപ്പുണ്ടാതെന്ന സൂചനയും നല്‍കുന്നുണ്ട്.

അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പുതിയതായി രൂപംകൊണ്ട ഭീകരസംഘടനയായ ‘റെസിസ്റ്റന്റ് ഫ്രണ്ട്’ ഏറ്റെടുത്തിട്ടുമുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് ‘റെസിസ്റ്റന്റ് ഫ്രണ്ട്’.