ഹിന്ദുസ്ഥാന്‍ ഹമാരാ …!

സലീം ദേളി

‘പിറവിയെടുത്ത രാജ്യത്തു പോലും വേട്ടയാടപ്പെടുന്ന മതങ്ങളെയും ദര്‍ശനങ്ങളേയും കൈനീട്ടി സ്വീകരിച്ച് അവര്‍ക്ക് കിടപ്പാടവും ആരാധനാലയങ്ങളും നിര്‍മ്മിച്ചു നല്‍കിയ ചരിത്രമാണ് എന്റെ രാജ്യത്തിനുള്ളത്’
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തില്‍ നിന്ന്

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതനുസരിച്ച് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനങ്ങള്‍ മൂലം നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാര്‍സി, ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. മുസ്ലിംകളല്ലാത്ത എല്ലാവര്‍ക്കും പൗരത്വം നല്‍കപ്പെടും എന്നതാണ് വിവക്ഷ. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ പൗരത്വത്തിന് മതം മാനദണ്ഡമായി നിശ്ചയിക്കുന്നത്. രാജ്യം പൗരത്വം നല്‍കിയിരുന്നത് ഇന്ത്യയില്‍ ജനിച്ചവര്‍ക്കോ, കുറഞ്ഞത് പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ ജീവിച്ചവര്‍ക്കോ ആണ്. അതിപ്പോള്‍ മാറ്റംവരുത്തി അഞ്ചുവര്‍ഷം എന്നാക്കുന്നു. ഭരണഘടന അനുച്ഛേദം 14 അനുവദിച്ച തുല്യതയുള്ള അവകാശമാണ് ഈ ബില്‍ മൂലം നിഷേധിക്കപ്പെടുന്നത്. ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ദേശീയ പൗരത്വ പട്ടിക. അമിത് ഷാ പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതു വഴി ഒരു മത വിഭാഗത്തെ മാത്രം ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ് പദ്ധതിയെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.
ആസാമില്‍ ദേശീയ പൗരത്വ പട്ടിക പൂര്‍ണമായിരിക്കുകയാണ്. 19 ലക്ഷത്തിലധികം ജനങ്ങളാണ് പട്ടികക്ക് പുറത്തുള്ളത്. മുസ്ലിംകളല്ലാത്തവരെയൊക്കെ ഈ പൗരത്വ ഭേദഗതിയിലൂടെ പൗരന്മാരാക്കും. ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുമ്പോള്‍, ഒരു മതവിഭാഗത്തിലെ ജനതക്ക് മാത്രം പൗരത്വം നിഷേധിക്കപ്പെടും.ഇത് വംശീയ ഉന്മൂലനത്തിലേക്കുള്ള നീക്കമാണ്.
അഭയാര്‍ത്ഥികളുടെ രക്ഷക്കാണ് ബില്‍ എന്നാണ് പറയുന്നത്. ഇവിടെ വിവേചനം കാണണം. അയല്‍പക്കത്ത് മതത്തിന്റെ വിവേചനം നേരിടുന്നവര്‍ ആരൊക്കെയാണ്. പാക്കിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല. മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്ലിംകളും ചൈനയില്‍ ഉയ്ഗൂര്‍ മുസ്ലിംകളും ശ്രീലങ്കയിലെ തമിഴ് വംശജരും ഇരകളാണ്. അവരെയൊന്നും ഈ ബില്‍ പരിഗണിക്കുന്നില്ല. മാത്രമല്ല, ഏതു വിധേയനയായാലും അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണല്ലോ ബില്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്ര വര്‍ക്ഷക്കാരുടെ സാമൂഹികസാമ്പത്തിക ജീവിതത്തെ ബാധിക്കുമെന്ന ആശങ്ക അവരെ പ്രക്ഷുബ്ധമാക്കുന്നുണ്ട്.
രാജ്യത്തെ മൊത്തം ജനങ്ങളോടും ഭരണകൂടം പൗരത്വം ആവശ്യപ്പെടുകയാണ്. എവിടെയും തടഞ്ഞുവെച്ച് ഇന്ത്യക്കാരനാണോ എന്ന് പരിശോധിക്കും. അത് അധികാരത്തിന്റെ തടയലാണ്. ആ അധികാരം പുറപ്പെടുന്നത് പ്രത്യയശാസ്ത്രത്തിന്റെ അകത്തുനിന്നാണ്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും ഹെഡ്‌ഗേവാറും കണ്ട സ്വപ്‌നത്തിലേക്ക് വഴിതെളിക്കലാണ് ഉദ്ദേശ്യം. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നു എന്നതാണ് ഈ രാജ്യത്തിലെ പൗരത്വത്തിന്റെ അടിസ്ഥാനം. അത് ഒരു അധികാര ഘടകത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രദര്‍ശിപ്പിക്കേണ്ടതല്ല.
അതിന് നിര്‍ബന്ധിപ്പിക്കുമ്പോഴാണ് രാജ്യം വികേന്ദ്രീകരിക്കപ്പെടുന്നത്. ജനിച്ച നാട്ടില്‍ പൗരനെന്ന് തെളിയിക്കാന്‍ പരക്കം പായുന്ന നിസ്സഹയാവസ്ഥ സൃഷ്ടിക്കുന്നത് ഭരണകൂടത്തിന്റെ നയമാണ്. ആ നയം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടയും. ഈ രാഷ്ട്രീയത്തെയാണ് കൃത്യമായി പ്രതിരോധിക്കേണ്ടത്.
ഗോള്‍വാള്‍ക്കര്‍ രചിച്ച, ആര്‍ എസ് എസുകാരുടെ പ്രമാണ ഗ്രന്ഥമായ വിചാരധാരയില്‍, ആഭ്യന്തര ഭീഷണികള്‍ എന്നൊരധ്യായമുണ്ട്. അതില്‍ മുസ്ലികളെ ഒന്നാമത്തെയും കൃസ്ത്യാനികളെ രണ്ടാമത്തെയും ആഭ്യന്തര ഭീഷണികളായി ഗോള്‍വാള്‍ക്കര്‍ നിര്‍ണയിച്ചിരിക്കുന്നു. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ എഴുതുന്നു : ‘രാജ്യത്തിനകത്ത് നിരവധി മുസ്ലീം പോക്കറ്റുകളുണ്ട്. ലഘു പാക്കിസ്ഥാനുകള്‍. രാജ്യത്തിന്റെ പൊതു നിയമം ചില മാറ്റങ്ങളോടു കൂടിയേ അവിടങ്ങളില്‍ നടപ്പിലാക്കാനാവൂ. തെമ്മാടികളുടെ ഇഷ്ടാനിഷ്ടങ്ങളാണ് അവിടങ്ങളിലെ അവസാന വാക്ക്. നേരിട്ടല്ലെങ്കില്‍ പോലും, അതിനെ അംഗീകരിക്കുന്നത് നമ്മുടെ ദേശീയ ജീവിതത്തെ ഒന്നടങ്കം നശിപ്പിക്കാനുള്ള വഴി തുറന്നുകൊടുക്കലാണ്. ഈ രാജ്യത്ത് പാകിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ വ്യാപ്തിയേറിയ ശൃംഖലകളുടെ കേന്ദ്രങ്ങളായി ഈ പോക്കറ്റുകള്‍ പരിണമിച്ചിരിക്കുന്നു.
… യഥാര്‍ത്ഥത്തില്‍ സകല ഇടങ്ങളിലും പാകിസ്ഥാനുമായി ട്രാന്‍സ്മിറ്ററിലൂടെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മുസ്ലീങ്ങളുണ്ട്. ‘രണ്ടാം നമ്പര്‍ ശത്രുക്കളായ കൃസ്ത്യാനികളെ കുറിച്ച് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്: ‘അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തിന് ഭീഷണിയാണ്. അവര്‍ ദേശവിരുദ്ധരാണ്. നമ്മുടെ രാജ്യത്ത് പാര്‍ക്കുന്ന കൃസ്ത്യാനികളായ മാന്യന്‍മാരുടെ ഉദ്ദേശ്യം മതപരവും സാമൂഹികവുമായ ക്രമം തകര്‍ക്കുക മാത്രമല്ല, വ്യത്യസ്ത പോക്കറ്റുകളില്‍, സാധ്യമെങ്കില്‍ രാജ്യത്തുടനീളം, രാഷ്ട്രീയമേധാവിത്വം കൈവരിക്കുക എന്നതുമാണ്’. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമാകുമ്പോഴേക്കും ചുരുങ്ങിയത് 60 ലക്ഷം ജൂതന്മാരെങ്കിലും നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും തെരുവുകളിലും കൊലചെയ്യപ്പെട്ടിട്ടുണ്ട്. ആശയപരമായും പ്രായോഗികപ്രവര്‍ത്തനത്തിലും തുടക്കംമുതല്‍ ജര്‍മന്‍ ഫാസിസത്തെ പിന്തുടരുന്നവരാണ് ഇന്ത്യയിലെ സംഘപരിവാര്‍. സംഘാചാര്യന്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍തന്നെ ഒരിക്കല്‍ ജര്‍മന്‍ ‘മാതൃക’യെ ഇങ്ങനെ പ്രകീര്‍ത്തിച്ചു ‘ജൂതര്‍ക്കെതിരായ നാസി മുന്നേറ്റം ഹിന്ദുസ്ഥാനില്‍ നമുക്ക് ഉള്‍ക്കൊള്ളാവുന്ന ഏറ്റവും നല്ല പാഠമാണ്; ഗുണഫലങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതുമാണ്’. സംഘപരിവാര്‍ ഫാസിസത്തിന്റെ സ്വഭാവത്തെ തിരിച്ചറിയാനാണ് നാസിസത്തോട് താരതമ്യം ചെയ്യുന്നത്.
ദേശരാഷ്ട്രത്തില്‍ പൗരത്വമാണ് അവകാശത്തിനുഉള്ള അടിസ്ഥാനം. രാജ്യത്ത് ജീവിക്കാനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, വോട്ടവകാശം, മതസ്വാതന്ത്ര്യം, എല്ലാ മൗലികാവകാശങ്ങളും പൗരത്വം റദ്ദാക്കുന്നതോടുകൂടി ഇല്ലാതാവും. മനുഷ്യനെന്ന പരിഗണനപോലും ലഭിക്കില്ല. അഥവാ ജനാധിപത്യ രാജ്യത്തിന്റെ നരകത്തിലേക്ക്, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് ശവങ്ങളായി തള്ളാനുള്ള വസ്തു മാത്രമായി പൗരത്വം നിഷേധിക്കപ്പെട്ട മനുഷ്യര്‍ മാറും.
മതേതര ജനാധിപത്യ രാജ്യത്ത് ഒരു നിയമം ഉണ്ടാകുമ്പോള്‍ ഒരു മതവിഭാഗത്തെ മാത്രം എങ്ങനെ ഒഴിവാക്കുന്നു എന്നതാണ് ചോദ്യം. ഭരണഘടന നല്കുന്ന മൗലിക അവകാശത്തെ ഹനിക്കുന്ന നഗ്‌നമായ അവകാശ ലംഘനമാണ് ഈ ഭേദഗതി. ഭരണഘടന ഉപയോഗിച്ചു കൊണ്ടുതന്നെ ഭരണഘടന വ്യവസ്ഥകളെ മറികടക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, ഭൂരിപക്ഷ സമുദായത്തിന്റെ അവകാശത്തിന് മാത്രം വാദിക്കുന്ന സംഘപരിവാരമായി മാറി.ഘര്‍വാപസി, ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, മുത്തലാഖ് വിധി, കാശ്മീര്‍ വിഭജനം, പൗരത്വ ബില്‍, ദേശീയ പൗരത്വ പട്ടിക, വ്യാജ ഏറ്റുമുട്ടലുകള്‍ ഇതൊക്കെ നിയമവ്യവസ്ഥയ്ക്ക് കീഴില്‍ നിന്നു കൊണ്ടും പുറത്തുനിന്ന് കൊണ്ടും സംഘപരിവാരം നിയന്ത്രിക്കുന്നത് രാജ്യത്തിനകത്ത് ഭയം സൃഷ്ടിച്ച് കൊണ്ടാണ്. മതനിരപേക്ഷ രാജ്യമായി ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെതിരെ ഏകാധിപത്യത്തിന്റെ വാളുമായി കടന്നുവരികയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഭരണകൂട താല്‍പര്യങ്ങള്‍ മാത്രം ഉള്ളതായി മാറ്റിയെഴുതുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിനാണ് മതനിരപേക്ഷ വിശ്വാസികള്‍ ഇനി തയ്യാറെടുക്കേണ്ടത്.

ആയ് ആബെ റൂദെ ഗംഗാ!
വൊ ദിന്‍ ഹെ യാദ് തുജ്‌കോ
ഉത്രാ തെരേ കിനാരേ ജബ്
കാരവാന്‍ ഹമാരാ
മദ്ഹബ് നഹീം സിഖാതാ ആപസ്
മെം ബൈറ് രഖ്‌നാ
ഹിന്ദീ ഹെ ഹം വതന്‍ ഹെ
ഹിന്ദുസ്ഥാന്‍ ഹമാരാ
(ഗ്രീസ് റോമാ മിസ്‌റിന്റെ
സംസ്‌കൃതിയെന്നോമാഞ്ഞു പോയ്
മായാതെ മങ്ങാതെ
നില്ക്കുമീ നാടിന്റെ പേരും പെരുമയും
കാര്യം ചെറുതല്ലയാര്‍ക്കും തകര്‍ക്കാനാവില്ല നമ്മളെശതകങ്ങളെത്രയോ കാലം ശത്രുക്കളെത്ര ശ്രമിക്കിലും)
അല്ലാമാ ഇഖ്ബാല്‍

SHARE