സിനിമ കിട്ടാന്‍ മിണ്ടാതിരിക്കണമെങ്കില്‍ ആ സിനിമ എനിക്കു വേണ്ട: സിദ്ധാര്‍ഥ്

ചുറ്റും നടക്കുന്നതിനോട് പ്രതികരിക്കാതെ ഇരുന്നാലാണ് സിനിമയിലടക്കം അവസരങ്ങള്‍ ലഭിക്കുകയെങ്കില്‍ അത്തരം അവസരങ്ങള്‍ തനിക്ക് വേണ്ടെന്ന് നടന്‍ സിദ്ധാര്‍ഥ്. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വിമര്‍ശകനായ സിദ്ധാര്‍ഥ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടികളിലും നേരിട്ട് പങ്കെടുത്തിരുന്നു. സമീപകാലത്തെ വെട്ടിത്തുറന്ന അഭിപ്രായങ്ങള്‍ കരിയറിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന ചോദ്യത്തിനാണ് സിദ്ധാര്‍ഥിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ഥിന്റെ അഭിപ്രായപ്രകടനം.

‘ഒരു ഇരുണ്ട കാലത്തിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ വളര്‍ന്നുവന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു. അതേ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് അവിശ്വസനീയമാണ്’. നിലവിലെ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ സിനിമയിലെ അവസരങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് സിദ്ധാര്‍ഥിന്റെ മറുപടി ഇങ്ങനെ ‘മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കില്‍ എനിക്കത് ആവശ്യമില്ല. ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീടെനിക്ക് കുറ്റബോധം തോന്നും. ഈ രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെപ്പോലെ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഒരാള്‍ നിശബ്ദനായിരുന്നാല്‍ ഈ രാജ്യത്തിന്റെ ഭാവി എന്താവും? ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്.’

തുറന്ന അഭിപ്രായപ്രകടനം നിര്‍ത്തണമെന്ന് സിനിമയിലുള്ള ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് സിദ്ധാര്‍ഥിന്റെ മറുപടി ഇങ്ങനെ ‘ഒരു നടന്‍ എന്ന നിലയില്‍ മുപ്പതിലധികം സിനിമകള്‍ ഞാന്‍ ചെയ്തു. അഞ്ച് ഭാഷകളില്‍ അഭിനയിച്ചു. സിനിമകള്‍ നിര്‍മ്മിച്ചു. ഇതൊക്കെ ചെയ്യാന്‍ സിനിമാലോകത്തിന്റെ അനുമതിയെ ഞാന്‍ ഒരിക്കലും ആശ്രയിച്ചിട്ടില്ല. ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അകാരണമാണെന്നോ ബഹുമാനം അര്‍ഹിക്കാത്തവയാണെന്നോ ഞാന്‍ കരുതുന്നില്ല. വോട്ട് ചെയ്യുന്ന, നികുതി അടയ്ക്കുന്ന ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. തന്റെ സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന കാര്യങ്ങളില്‍ സത്യസന്ധമായി ഉത്കണ്ഠയുള്ള ഒരാള്‍ എന്ന നിലയില്‍. അതിനാല്‍ത്തന്നെ സിനിമാലോകത്തുനിന്ന് ആരും ഇതുവരെ എന്നോട് നിശബ്ദനാവൂ എന്ന് ഉപദേശിച്ചിട്ടില്ല’, സിദ്ധാര്‍ഥ് പറയുന്നു.

SHARE