സന്ദേശ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ; കരാര്‍ പുതുക്കി

കൊച്ചി: പ്രതിരോധ നിരയിലെ കരുത്തനും കഴിഞ്ഞ രണ്ടു സീസണുകളില്‍ നായകനുമായ സന്ദേശ് ജിങ്കന്‍ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. ക്ലബ്ബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചത്. അതേസമയം കരാര്‍ കാലയളവിനെ കുറിച്ചോ പ്രതിഫല തുകയെ കുറിച്ചോ ക്ലബ്ബ് അധികൃതര്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം 25കാരനായ ജിങ്കന്‍ ക്ലബ് വിടുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ടീമിന്റെ നെടുംതൂണുകളിലൊരാളായ താരവുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയത്. ഐഎസ്എല്‍ സീസണ്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ജിങ്കന്‍ രണ്ടു സീസണുകളില്‍ കേരളത്തെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

കേരളത്തിനു വേണ്ടി ഇതു വരെ 76 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ജിങ്കന്‍ ഐ.എസ്.എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളിലൊരാളാണ്. കഴിഞ്ഞ സീസണിലെ വന്‍ തോല്‍വി മറന്ന് പുതിയ സീസണിനായി മികച്ച ടീമിനെ ഒരുക്കാനാണ് ഇത്തവണ ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ജൂനിയര്‍ ഗോള്‍കീപ്പര്‍ താരം ലവ് പ്രീത് സിങിനെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ടീമിലെത്തിച്ചിരുന്നു.