വിഴിഞ്ഞത്ത് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നാല് മത്സ്യബന്ധന തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിനായി കടലില്‍ പോയ നാല് പേരെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച വൈകിട്ട് 3.30 ഓടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തിലാണ് വിഴിഞ്ഞത്തു നിന്നും ഇവര്‍ പോയത്. എന്നാല്‍ തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. വൈകുന്നേരം മൂന്ന് മണിയായിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. കടല്‍ പ്രക്ഷുബ്ധമായതിനെതുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നിര്‍ത്തി മടങ്ങിയെങ്കിലും തീരസംരക്ഷണ സേന തെരച്ചല്‍ തുടരുകയാണ്.

SHARE