വിദ്യാഭ്യാസ പുരോഗതിയും സി.പി.എമ്മിന്റെ പൊയ്മുഖവും

 

കേരളീയ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ജീവിത വീക്ഷണവും മൂല്യബോധവും ഇന്ത്യക്കാകെ മാതൃകയാണ്. ജാതി മതഭേദ ചിന്ത കൂടാതെയും സാമ്പത്തിക വേര്‍തിരിവില്ലാതെയും പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുവളര്‍ന്നുവരുന്ന തലമുറയാണ് കേരള വികസനത്തിന് ശക്തി പകര്‍ന്നത്. നവോത്ഥാന മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും അവകാശബോധം നെഞ്ചിലേറ്റിയ സമൂഹത്തിലെ ഇതര വിഭാഗങ്ങളും പകര്‍ന്ന ഉണര്‍വ് കേരളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. എല്ലാത്തരം മുന്നേറ്റങ്ങള്‍ക്കും ആധാരമായി പ്രവര്‍ത്തിച്ചത് ജനകീയതലമായിരുന്നു. കാര്‍ഷിക രംഗത്തും ആരോഗ്യരംഗത്തും ഇതരവികസനമേഖലകളിലും ഈ കൂട്ടായ്മ പ്രകടമാണ്. പക്ഷേ ഈ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ഓര്‍ക്കുന്നതിന് പകരം സര്‍വമേഖലയിലും ഇടത് രാഷ്ട്രീയ ചിന്താഗതി വളര്‍ത്തുകയും തങ്ങള്‍ക്കല്ലാതെ വിദ്യാഭ്യാസരംഗത്ത് പുരോഗതി ഉണ്ടാക്കാന്‍ കഴിയില്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പേരില്‍ സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസമേഖലക്ക് കൂടുതല്‍ ശക്തി പകരാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത് രാഷ്ട്രീയത്തിന് അതീതമായി കേരള സമൂഹം ഉള്‍ക്കൊള്ളുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മാറാന്‍ എല്ലാവരും തയ്യാറാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടതെങ്കിലും ഇടത്പക്ഷ സര്‍ക്കാര്‍ പ്രതേ്യകിച്ച് സി.പി.എം കേരള വിദ്യാഭ്യാസ മേഖല മുഴുവനായി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരിക്ക് ശേഷം ഏറ്റവും നല്ല രണ്ടാമത്തെ മുണ്ടശ്ശേരിയെന്ന് വിശേഷിപ്പിച്ച് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയെ ഉയര്‍ത്തികാട്ടിയെങ്കിലും തികഞ്ഞ പരാജയമായിരുന്നു ബേബിയെന്ന് സി.പി.എം ഒഴികെയുള്ള എല്ലാവരും ഒരുപോലെ വിലയിരുത്തി യതാണ്. ഇപ്പോള്‍ സി.പി.എം പറയുന്നത് മുണ്ടശ്ശേരിക്ക് ശേഷം വരുന്ന ഏറ്റവും പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രിയാണ് പ്രൊഫ. സി. രവീന്ദ്രനാഥ് എന്നാണ്. ബേബിയെ രണ്ടാം മുണ്ടശ്ശേരിയായി ഉയര്‍ത്തികാട്ടിയിരുന്ന ഇവരുടെ അന്നത്തെ പ്രഖ്യാപനം ആരും ഓര്‍ക്കുന്നുണ്ടാവില്ല എന്ന ചിന്തയോടെ പ്രൊഫ. രവീന്ദ്രനാഥിനെ രണ്ടാം മുണ്ടശ്ശേരിയായാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സത്യത്തില്‍ കേരളത്തില്‍ ഇതിന് മുന്‍പ് സര്‍ക്കാറുകള്‍ ഉണ്ടായിരുന്നില്ലേ? മുന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലേ ?
വിദ്യാഭ്യാസ – സാംസ്‌കാരിക രംഗത്ത് ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സമൂഹമാണ് കേരളം. കമ്പ്യൂട്ടര്‍ വന്നപ്പോഴും ട്രാക്ടര്‍ വന്നപ്പോഴും ജനങ്ങളുടെ തെരുവ് യുദ്ധം നടത്തി സമരം നയിച്ചിരുന്ന സി.പി.എം ഏത് മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് വരുംതലമുറയോട് മറുപടി പറയേണ്ടതുണ്ട്. ജനപങ്കാളിത്തത്തിലൂടെ കെ. കരുണാകരന്‍ നെടുമ്പാശ്ശേരി വിമാനത്താവളവുമായി വന്നപ്പോള്‍ തന്റെ നെഞ്ചിലൂടെ വിമാനം കയറ്റി മാത്രമേ ഇവിടെയൊരു വിമാനത്താവളം ഉണ്ടാക്കാന്‍ കഴിയുവെന്ന് പറഞ്ഞ് വിമാനത്താവളത്തിനെതിരെ സമരം ചെയ്ത എസ്.ശര്‍മ്മ പിന്നീട് വിമാനത്താവളം കമ്പനിയുടെ ഡയറക്ടറായി വന്നത് കേരളീയര്‍ കണ്ടതാണ്. കൊച്ചി മെട്രോക്ക് തുടക്കം കുറിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അതിന് സമ്മതിക്കില്ലെന്ന് പറയുകയും വിവിധ കാര്യങ്ങള്‍ പറഞ്ഞ് ഒന്നര വര്‍ഷത്തോളം സമരം നടത്തി ഏറെ നഷ്ടമുണ്ടാക്കിയ സി.പി.എം കൊച്ചി മെട്രോയുടെ പിതൃത്യം ഏറ്റെടുത്തത് ജനം നേരിട്ട് അനുഭവിച്ചതാണ്. വിഴിഞ്ഞം തുറമുഖമായാലും ഏതൊരു വികസന മുന്നേറ്റം ഉണ്ടായാലും അതിനെയൊക്കെ എതിര്‍ത്ത് കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകാന്‍ പരിശ്രമിച്ച സി.പി.എമ്മിന്റെ നടപടികള്‍ കേരള സമൂഹം മറന്നിട്ടില്ല. ഈ നിലപാടാണ് വിദ്യാഭ്യാസരംഗത്തും സി.പി.എം.നടത്തുന്നത്.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, പി.പി ഉമ്മര്‍കോയ, സി.എച്ച് മുഹമ്മദ് കോയ, യു.എ ബീരാന്‍, ബേബി ജോണ്‍, ചാക്കീരി അഹമ്മദ്ക്കുട്ടി, ടി.എം ജേക്കബ്, കെ. ചന്ദ്രശേഖരന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.ജെ ജോസഫ്, അഡ്വ. നാലകത്ത് സൂപ്പി, എം.എ ബേബി, പി.കെ അബ്ദുറബ്ബ് തുടങ്ങിയവരായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിമാര്‍. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ. സി. രവീന്ദ്രനാഥില്‍ എത്തിയിരിക്കുന്ന വിദ്യാഭ്യാസ വകുപ്പില്‍ രണ്ടാമത്തെ മുണ്ടശ്ശേരിയാവാന്‍ രവീന്ദ്രനാഥ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മറ്റ് വിദ്യാഭ്യാസമന്ത്രിമാരെക്കാളും എന്തെല്ലാം പുരോഗതിയും പരിഷ്‌ക്കാരവുമാണ് വിദ്യാഭ്യാസരംഗത്ത് പ്രൊ.ജോസഫ് മുണ്ടശ്ശേരിക്ക് കഴിഞ്ഞിട്ടുള്ളതെന്നും ചര്‍ച്ചചെയ്യേണ്ടതുണ്ട്. സി.എച്ച് മുഹമ്മദ് കോയ മന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. മുസ്‌ലിം ലീഗിന്റെ നയമനുസരിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ പുരോഗമപ്രവൃത്തികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല പൊതു സമൂഹത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ യൂണിവേഴ്‌സിറ്റികള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.1957 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കേരള യൂണിവേഴ്‌സിറ്റി, 1968 ല്‍ മലപ്പുറം ജില്ലയില്‍ ആരംഭിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 1971 ല്‍ ആരംഭിച്ച എറണാകുളത്തെ കൊച്ചി യൂണിവേഴ്‌സിറ്റി, 1983 ല്‍ കോട്ടയത്ത് ആരംഭിച്ച എം.ജി സര്‍വകലാശാല, കോഴിക്കോട് എന്‍.ഐ.ടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കേരള വെറ്റിനറി ആന്റ് ആനിമെല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ്, കേരള കലാമണ്ഡലം, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസ്, മലയാളം സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, അലിഗഡ് യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസ് തുടങ്ങി ഇരുപതോളം യൂണിവേഴ്‌സിറ്റികള്‍ കേരളത്തിലുണ്ട്. ഈ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കുന്നതിന് മുന്‍കൈ എടുത്തത് ആരാണെന്ന് കൃത്യമായി പഠിക്കേണ്ടതുണ്ട്.ഏത് സര്‍ക്കാറാണ് ഓരോ യൂണിവേഴ്‌സിറ്റികളും വരാന്‍ ശ്രമിച്ചത്, ഈ യൂണിവേഴ്‌സിറ്റികളുടെ തുടക്കത്തില്‍ സി.പി.എമ്മിന്റെ നിലപാട് എന്തായിരുന്നു എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ 20 വര്‍ഷക്കാലമായി സി.ബി.എസ്.ഇ അടക്കമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാന്‍ തിക്കും തിരക്കും കൂട്ടിയിരുന്നത് സാധാരണക്കാരായവര്‍ മാത്രമല്ല സര്‍ക്കാര്‍ ശമ്പളം വാങ്ങി പൊതുവിദ്യാഭ്യാസരംഗത്ത് ജോലി ചെയ്യുന്ന അധ്യാപകരുമുണ്ടായിരുന്നു. പൊതു വിഭ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ കുട്ടികള്‍ വരുന്നു എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഈ ദൗത്യത്തില്‍ എവിടെയൊക്കെ ആരൊക്കെ മുഖ്യ പങ്ക് വഹിച്ചു എന്നും പരിശോധിക്കണം.
സി.പി.എം സംഘടനകള്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പൊള്ളത്തരമാണെന്ന് ഈ വര്‍ഷം വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ ഓരോ ജില്ലയിലെയും കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകും. ഒന്നാം ക്ലാസിലേക്ക് മലപ്പുറം ജില്ലയില്‍ 3272 കുട്ടികള്‍ പ്രവേശിച്ചപ്പോള്‍ മറ്റു ജില്ലകളില്‍ അഞ്ഞൂറിന് താഴെയും നൂറിന് താഴെയുമാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം ഉണ്ടായത്. പല ജില്ലകളില്‍ പ്രതേ്യകിച്ച് ഇടതുപക്ഷകോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശങ്ങളില്‍ പൊതു വിദ്യാഭ്യാസരംഗത്തുനിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശക്തമാണ്. എന്നാല്‍ മലപ്പുറം ജില്ലയിലെ കണക്ക് നേരെ വിപരീതമാണ്.
മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി ഫലം 33 ശതമാനത്തില്‍ നിന്നു 74 ശതമാനമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞതും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ വിജയഭേരിയിലൂടെ പഠനനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞതാണ് എസ്.എസ്.എല്‍.സിയുടെ ഈ വിജയം. കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു ഫലത്തില്‍ ഇടത്പക്ഷ എം.എല്‍.എ മാരുടെ മണ്ഡലങ്ങളില്‍ മുഴുവനും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നെങ്കില്‍ മലപ്പുറം ജില്ലയിലെ ഓരോ മണ്ഡലത്തിലും മിനിമം അഞ്ഞൂറ് എ പ്ലസ് കിട്ടിയിരുന്നുവെന്ന് മനസ്സിലാക്കണം. വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി മുസ്‌ലീം ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത നടപടികളാണ് ഏറ്റവും ഗുണകരമായയിട്ടുള്ളതെന്ന് വ്യക്തമാണ്. പത്തും ഇരുപതും കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളുകളിലേക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള കാലഘട്ടത്തില്‍ മാനേജ്‌മെന്റ് തലത്തില്‍ ഓരോ പഞ്ചായത്തിലും സ്‌കൂളുകള്‍ കൊണ്ടുവരുകയും അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അവസ്ഥ ഉണ്ടാക്കി വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് കിട്ടുന്ന തരത്തില്‍ ഗ്രാമങ്ങളിലേക്ക് എത്തിച്ചത് സി.എച്ച് മുഹമ്മദ് കോയയുടെ ദീര്‍ഘവീക്ഷണമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാത്രമല്ല കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചതും സി.എച്ച് തന്നെ.
വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ മാത്രമല്ല 34 വര്‍ഷം ഭരണം നടത്തിയ ബംഗാളിലും സി.പി.എം നടപ്പാക്കിയ ‘പരിഷ്‌കാരങ്ങള്‍’ എല്ലാവര്‍ക്കുമറിയാവുന്നതാണ്. മുസ്‌ലിംകള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്ത് ഒരു വിദ്യാലയം പോലും സ്ഥാപിക്കാതെ അവരെ അടിമപ്പണിയിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ ഉത്തരവാദി സി.പി.എമ്മാണ്. ഇവരാണിപ്പോള്‍ മുസ്‌ലിം രക്ഷകരായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് മുന്നേറാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം ഉണ്ടായിരുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇതേ നയം തന്നെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാവും എന്നത് ഇക്കൂട്ടര്‍ മറക്കാതിരുന്നാല്‍ നല്ലത്.

SHARE