റോഹിങ്ക്യ: ലോകത്തിന്റെ അപമാനകരമായ മൗനം

A protester holds a poster with a defaced image of Nobel Peace Prize winner Aung San Suu Kyi during a demonstration against what protesters say is the crackdown on ethnic Rohingya Muslims in Myanmar, in front of the Myanmar embassy in Jakarta, Indonesia November 25, 2016. REUTERS/Beawiharta
  • സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ആ ആര്‍ത്തനാദം ഇപ്പോഴും നിലച്ചിട്ടില്ല… ദിനമോരോന്നു കഴിയും തോറും കാണാനും കേള്‍ക്കാനും കഴിയാത്ത വിധം മ്യാന്‍മറിന്റെ മുഖം വികൃതമായി കൊണ്ടിരിക്കുകയാണ്.

വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഈ തീവ്ര ബുദ്ധിസ്റ്റ് രാജ്യത്ത് നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. ഒരു ജനത, അവരുടെ വിശ്വാസത്തിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നത് ലോകത്ത് ജനാധിപത്യവും സമാധാനവും സുരക്ഷയുമൊക്കെയുണ്ടാക്കാന്‍ ഇറങ്ങിപുറപ്പെട്ട ലോക പൊലീസുകാര്‍ക്ക് പ്രശ്‌നമേ ആകുന്നില്ല. ‘മ്യാന്‍മര്‍’ മാറിയിരിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നുവെന്നുമാണ് അവരുടെ ഭാഷ്യം. മ്യാന്‍മറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സൂകി വെട്ടിനുറുക്കപ്പെടുന്ന മനുഷ്യന് വേണ്ടി ഒരു വാക്കുപോലും ഉരിയാടുന്നില്ല. 1990 ലെ തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷ കക്ഷിയായ ഓങ് സാന്‍ സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍. ഡി) പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താന്‍ മുന്‍നിരയിലുണ്ടായിരുന്നത് റോഹിങ്ക്യ മുസ്‌ലിംകളായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

മുസ്‌ലിംകള്‍ എക്കാലത്തും ഭരണകൂട ഭീകരതയുടെയും ബുദ്ധ തീവ്രവാദികളുടെയും ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. മുസ്‌ലിംകളായതുകൊണ്ട് മാത്രമാണ് ഇവര്‍ കാഠിന്യമേറിയ പീഢനങ്ങള്‍ക്കിരയാവേണ്ടിവരുന്നത്. മ്യാന്‍മറിന്റെ മണ്ണില്‍നിന്നും എങ്ങനെയെങ്കിലും ഇവരെ ഇല്ലായ്മ ചെയ്ത് മുസ്‌ലിം രഹിത മ്യാന്‍മര്‍ എന്ന സ്വപ്‌നത്തിന് വേണ്ടി പണിയെടുക്കുന്ന ബുദ്ധ തീവ്രവാദികള്‍ക്ക് ശക്തി പകരുന്ന സമീപനമാണ് സൈന്യവും പിന്തുടരുന്നത്.

ഒരു റോഹിങ്ക്യാ മുസ്‌ലിം യുവാവും ബുദ്ധമതക്കാരിയും തമ്മിലെ പ്രണയവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇന്ന് ഒരു വിഭാഗത്തെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതിലേക്ക് എത്തി നില്‍ക്കുന്നത്. എന്തെങ്കിലും കാരണം കണ്ടെത്തി മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബുദ്ധ തീവ്രവാദികള്‍ക്ക് ആ പ്രണയമൊരു പിടിവള്ളിയായിരുന്നു. കേവല പ്രണയമെന്നതിനപ്പുറത്തേക്കതിനെ വലിച്ചുനീട്ടുകയും ലോകത്തൊന്നടങ്കം മുസ്‌ലിം വിഷയങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവിടെയും മുസ്‌ലിംകളെ ഇരകളാക്കിമാറ്റി ഭരണകൂടത്തിന്റെ കൂടി പിന്‍ബലത്തോടെ ബുദ്ധഭിക്ഷുക്കള്‍ കലാപം നടത്തി ലക്ഷ്യം നിറവേറ്റുകയാണിവിടെ.

അഞ്ചര കോടിയോളം വരുന്ന മ്യാന്‍മര്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം മുസ്‌ലിംകളാണ്. ഭൂരിപക്ഷം മുസ്‌ലിംകളും താമസിക്കുന്നത് ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ ‘റക്കാന്‍’ പ്രവിശ്യയിലും.

പടിഞ്ഞാറന്‍ ബര്‍മയില്‍ ആദ്യത്തെ റോഹിങ്ക്യ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അറബ് നാവികരുടെ പിന്‍മുറക്കാരാണ് ഇവരെന്നാണ് ചരിത്രം. ഈ സമൂഹം വളര്‍ന്ന് ഒരു രാജ്യമായി മാറി. 1700കള്‍ വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബര്‍മീസ് രാജാവ് അവരെ തകര്‍ത്ത് അധികാരം പിടിച്ചതോടെ റോഹിങ്ക്യകളുടെ അഭിമാനകരമായ നിലനില്‍പ്പ് അപകടത്തിലായി. പിന്നെ ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിങ്ക്യകളെ ഉന്‍മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ നടന്നു. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവര്‍ സമ്പൂര്‍ണമായി തീര്‍ന്നുപോയില്ല. പക്ഷേ, ഈ ചരിത്രം അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബംഗ്ലാദേശില്‍ നിന്ന് നിയമവിരുദ്ധമായി കുടിയേറിയവരാണ് ഇവരെന്ന് അധികൃതര്‍ തീര്‍പ്പ് കല്‍പ്പിക്കുന്നു.

1982ല്‍ സൈനിക ഭരണകൂടം പൗരത്വ നിയമം കൊണ്ടുവന്നതോടുകൂടിയാണ് റോഹിങ്ക്യാ മുസ്‌ലിംകളുടെ അവസ്ഥ ഏറെ പരിതാപകരമായിത്തുടങ്ങിയത്.

ഏതു സമയത്തും സ്വന്തം ഭവനത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടേക്കാവുന്ന ഈ മനുഷ്യര്‍ക്ക് മ്യാന്‍മറിലോ മറ്റേതെങ്കിലും രാജ്യത്തോ പൗരത്വമില്ല. സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വിവാഹവും എളുപ്പമല്ല. സര്‍ക്കാരിന്റെ തിട്ടൂരമില്ലാതെ ഇസ്‌ലാമിക രീതിയില്‍ വിവാഹം കഴിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. കുട്ടികളുണ്ടായാല്‍ തീവ്രവാദികള്‍! മക്കളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ കഴിയില്ല. നല്ല തൊഴില്‍ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. വീടും സ്ഥലവുമൊന്നും സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. തലമുറകളായി യാതൊരു മനുഷ്യാവകാശങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. തികച്ചും അടിമത്തം പേറേണ്ടിവരുന്ന ജീവിതങ്ങള്‍. പുറത്തുനിന്ന് അതിഥികളെ സ്വീകരിക്കണമെങ്കില്‍ പട്ടാളത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇസ്‌ലാമിക ചിഹ്നങ്ങളും സംസ്‌കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നു. ഭീഷണിയും കിരാത പീഢനമുറകളും പതിവാണ്. പള്ളികളും ഇസ്‌ലാമിക പാഠശാലകളും അനധികൃത സ്ഥാപനങ്ങളാണെന്നാണ് ബുദ്ധ’മതം’. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കുന്ന ബുദ്ധമത വിശ്വാസികള്‍ പ്രതികാര ദാഹികളായ ഗോത്ര വര്‍ഗങ്ങളാണെന്നാണ് പറയപ്പെടുന്നത്. ഇതില്‍തന്നെ ‘മാഗ്’ വിഭാഗം തീവ്രതയില്‍ ഒരടി മുമ്പിലാണ്. 16ാം നൂറ്റാണ്ടില്‍ ബര്‍മയിലേക്ക് കുടിയേറിയ പ്രസ്തുത വിഭാഗം 18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്ത് പിടിമുറുക്കുകയും അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടുകയും ചെയ്തു. വിവിധ ഭാഷകളും ആചാരങ്ങളും പുലര്‍ത്തുന്നവരായി 140 വിഭാഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഒരുകാലത്ത് ഇസ്‌ലാം വ്യാപകമായി പ്രചരിച്ചിരുന്നു. ബുദ്ധ വര്‍ഗീയ വാദികളുടെ പ്രതികാരത്തിന് കാരണവും ഇതായിരിക്കാം. ഭൂരിപക്ഷം മുസ്‌ലിംകളും കഴിയുന്ന റക്കാനില്‍ ജനസംഖ്യയുടെ 70 ശതമാനവും റോഹിങ്ക്യ മുസ്‌ലിംകളാണ്. കൃത്യമായ ജനസംഖ്യ നിര്‍ണയ കണക്ക് ലഭ്യമല്ലെങ്കിലും 40 ലക്ഷത്തോളം വരുമിത്. മ്യാന്‍മറിലെ നൂറുകണക്കായ അവാന്തര വിഭാഗങ്ങളില്‍ ഏറ്റവും ദരിദ്ര വിഭാഗമാണ് മുസ്‌ലിം ന്യൂനപക്ഷം.

ബുദ്ധ തീവ്രവാദികളില്‍ നിന്ന് ക്രൂരമായ പീഡനമാണ് മ്യാന്‍മറിലെ റോഹിങ്ക്യ മുസ്‌ലിംകള്‍ ഏറ്റുവാങ്ങുന്നത്. മ്യാന്‍മര്‍ മുസ്‌ലിംകള്‍ പലതവണ ബുദ്ധ വര്‍ഗീയവാദികളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
1942ല്‍ ‘മാഗ്’ ബുദ്ധിസ്റ്റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തുകയും ചെയ്തു.
1962ല്‍ അന്നത്തെ പട്ടാള ജനറലായിരുന്ന നിവിന്‍ സോവിയറ്റ് റഷ്യയുടെയും ചൈനയുടെയും ‘കമ്യൂണിസ്റ്റ്’പിന്തുണയോടെ നടത്തിയ പട്ടാള അട്ടിമറിയോടെയാണ് സൈന്യത്തിന് മുസ്‌ലിംകള്‍ ശത്രുക്കളായി മാറുന്നത്. തുടര്‍ന്ന് ബര്‍മീസ് മുസ്‌ലിംകള്‍ക്ക് പീഢനത്തിന്റെ നാളുകളായിരുന്നു. മുസ്‌ലിം വിഭാഗങ്ങളെ കൂട്ട പലായനത്തിന് നിര്‍ബന്ധിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. അഞ്ചു ലക്ഷത്തിലധികം മുസ്‌ലിംകളെയാണ് ബര്‍മയില്‍നിന്ന് സൈന്യം ഒന്നിച്ചു പുറന്തള്ളിയത്. രേഖകളില്ലാതെ മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അലഞ്ഞുതിരിയുന്ന ഇക്കൂട്ടരുടെ ജീവിതം നരക തുല്യമാണ്.

1978ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. 1982ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്‌ലിംകളുടെ പൗരത്വം തന്നെ റദ്ദാക്കുകയാണുണ്ടായത്. ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റ് രേഖകളോ ഇല്ല. ഏത് നിമിഷവും അന്യാധീനപ്പെട്ടേക്കാം. അത്തരം ചരിത്രമാണ് രാഖൈന്‍ പ്രവിശ്യക്ക് പറയാനുള്ളത്. അടിസ്ഥാനപരമായി ഇവര്‍ കൃഷിക്കാരാണ്. എന്നാല്‍ ഭൂമി മുഴുവന്‍ സര്‍ക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിയതോടെ ആ പാരമ്പര്യം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യും? ഒരു തരം അടിമത്തമാണ് ജീവച്ഛവങ്ങളെ പോലെ കഴിയുന്ന ഈ മനുഷ്യര്‍ അനുഭവിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍ തുടങ്ങിയ നിര്‍മാണത്തിന് റോഹിങ്ക്യ യുവാക്കളെ പിടിച്ചുകൊണ്ടുപോകും. കുറഞ്ഞ കൂലിയേ നല്‍കൂ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രൊജക്ടുകളില്‍ ഈ അടിമത്തം അരങ്ങേറുന്നു. വീട് വെക്കാനുള്ള അവകാശം ഇവര്‍ക്കില്ല. അനുമതിയില്ലെന്ന് പറഞ്ഞ് പട്ടാളമെത്തി പൊളിച്ച് നീക്കും. റോഹിങ്ക്യകള്‍ ചുമരുവെച്ച വീട്ടില്‍ താമസിക്കുന്നത് സുരക്ഷക്ക് ഭീഷണിയാണത്രേ. ടെന്റുകളിലാണ് ഭൂരിപക്ഷം പേരും താമസിക്കുന്നത്. വെള്ളമോ വെളിച്ചമോ ഇവിടേക്ക് എത്തിനോക്കില്ല. പൗരത്വമില്ലാത്ത ‘സാമൂഹിക വിരുദ്ധരോട്’ സര്‍ക്കാറിന് ഉത്തരവാദിത്തമൊന്നുമില്ലല്ലോ.

ഈ ഭരണ കൂട വിവേചനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നാളെ (ഡിസംബര്‍ 31) വൈകുന്നേരം 3 മണിക്ക് കോഴിക്കോട്ട് റാലിയും പൊതു സമ്മേളനവും നടക്കുകയാണ്. ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കേണ്ടത് മനുഷ്യത്വമുള്ളവരുടെ ഉത്തരവാദിത്തമാണ്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

SHARE