മോദി വ്യവസായികൾക്കായി ‘മുഖം മിനുക്കൽ’ പദ്ധതികൾ ആരംഭിച്ചെന്ന് രാഹുൽ

Allahabad : Congress Vice President Rahul Gandhi at a road show during his Kisan Yatra in Allahabad on Thursday. PTI Photo (PTI9_15_2016_000085B)

ഝാൻസി: കേന്ദ്ര സർക്കാറിന്റെ ആസ്തി വെളിപ്പെടുത്തൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി വ്യവസായികൾക്ക് മുഖം മിനുക്കൽ പദ്ധതിയാണ് മോദി ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യവസായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് ഇത്തരമൊരു പദ്ധതിയെന്നും യു.പിയിലെ ബുന്ദേൽകണ്ഡിൽ കിസാൻ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി ഒരു പദ്ധതിയെങ്കിലും കൊണ്ടു വരാൻ മോദി സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ നടത്തുന്ന ഘാട്ട് സഭയിൽ നിന്നും ചില ആവശ്യക്കാരായ കർഷകർ കട്ടിലുകൾ കൊണ്ടു പോയിട്ടുണ്ട്. എന്നാൽ ഇവരെ കള്ളൻമാരായാണ് ചിത്രീകരിക്കുന്നത്. എന്നാൽ ആയിരക്കണക്കിന് കോടി അടിച്ചു മാറ്റിയവരെ കുടിശ്ശികക്കാർ മാത്രമായാണ് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വിദേശത്തു നിന്നും സെൽഫിയെടുക്കുന്ന പ്രധാനമന്ത്രി സ്വദേശത്തു നിന്നും കർഷകർക്കൊപ്പം സെൽഫിയെടുക്കാൻ തയാറാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു. യു.പി.എ ഭരിച്ച സമയത്ത് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 140 ഡോളറായിരുന്നു. എന്നാൽ ഇന്ന് 40 ഡോളറിലെത്തി നിൽക്കുകയാണ്. ഇതുവഴി ഖജനാവിന് ധാരാളം പണം ലഭിക്കുന്നുണ്ട്. ഈ പണമെല്ലാം എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

SHARE