പാലക്കാട്: മഹല്ല് കമ്മിറ്റിയുടെ കീഴില്‍ വേറിട്ടൊരു വിവാഹത്തിന് കഴിഞ്ഞ ദിവസം ചെര്‍പുളശ്ശേരി പുതുക്കാട് സാക്ഷിയായി. അനാഥയായി കഴിഞ്ഞിരുന്ന വൈഷ്ണവിയുടെ വിവാഹം പുതുക്കാട് അല്‍ബദ്ര്‍ മഹല്ല് കമ്മറ്റിയാണ് നടത്തിക്കൊടുത്തു. നവ ദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കി.
6 വര്‍ഷം മുന്‍പ് അച്ഛനും, അമ്മയും ഉപേക്ഷിച്ച് പോയതോടെയാണ് വൈഷ്ണവിയും സഹോദരങ്ങളും അനാഥരായത്. പക്ഷെ പുതുക്കാട് എന്ന ഗ്രാമം ഇവരെ നെഞ്ചോടു ചേര്‍ത്തുവെച്ചു. എല്ലാവരെയും പഠിപ്പിച്ചു. വിവാഹ പ്രായം എത്തിയ വൈഷ്ണവിയെ കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു. കല്യാണത്തിന് ചുക്കാന്‍ പിടിച്ചത് മഹല്ല് കമ്മറ്റിയാണ്.
ലോക്ക് ഡൗണായതിനാല്‍ ലളിതമായ ചടങ്ങില്‍ വിവാഹം നടന്നു. മായന്നൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് വൈഷ്ണവിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. കോവിഡ് കാലമായതിനാല്‍ നവദമ്പതികള്‍ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കി. മെയ് 5 ന് വിപുലമായി കല്യാണം നടത്താന്‍ മഹല്ല് കമ്മറ്റി തയ്യാറെടുത്തതാണ്. ലോക്ക് ഡൗണായതോടെ ചടങ്ങുകള്‍ ചുരുക്കി. ഒറ്റപ്പെട്ട് പോയെന്ന് കരുതിയ ഒരു കുടുംബത്തെ ജാതി, മത വ്യത്യാസമില്ലാതെ ഒരു നാട് എറ്റെടുത്ത കഥയാണ് പുതുക്കാടിന് പറയാനുള്ളത്