മസ്ജിദുല്‍ അഖ്‌സയിലേക്ക് നീങ്ങുന്ന ഇസ്രാഈല്‍ ടാങ്കറുകള്‍

 

പശ്ചിമേഷ്യ ഒരിക്കല്‍ കൂടി സംഘര്‍ഷ മേഖലയായി. മസ്ജിദുല്‍ അഖ്‌സക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണം വ്യാപക പ്രതിഷേധത്തിന് കാരണമാകുമ്പോഴും ധാര്‍ഷ്ട്യം വിടുന്നില്ല ഇസ്രാഈലി നേതൃത്വം. ടാങ്കുകളുമായി ഇസ്രാഈലി സേന ഗസ്സയെ ശ്വാസം മുട്ടിക്കുകയാണ്. കാല്‍നൂറ്റാണ്ടു കാലത്തോളമായി നിലനില്‍ക്കുന്ന സൗഹൃദം അവഗണിച്ച് ജോര്‍ദ്ദാനുമായി കൊമ്പുകോര്‍ക്കുകയുമാണ്. മൂന്നാം ഇന്‍തിഫാദക്ക് തയാറെടുക്കുന്ന ഫലസ്തീന്‍ യുവതയും ആലസ്യം വെടിഞ്ഞ് രംഗത്തുവരുന്ന അറബ് ലീഗുമാണ് ആശ്വാസം നല്‍കുന്നത്.
ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ട് വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരം മുടക്കി ഇസ്രാഈല്‍ നടത്തിയ നിയന്ത്രണം എല്ലാ സീമകളും ലംഘിക്കുന്നതായി. ജൂലൈ 14, 21 വെള്ളിയാഴ്ചകളില്‍ പള്ളിക്ക് പുറത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടിവന്നതില്‍ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്നു. സംഘര്‍ഷം ജോര്‍ദ്ദാനിലേക്കും ഫലസ്തീനിലെ മറ്റ് പ്രദേശങ്ങളിലേക്കും പടര്‍ന്നു. പ്രതിഷേധം വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയതോടെ ഐക്യരാഷ്ട്ര സംഘടനക്ക് ഇടപെടേണ്ടിവന്നിട്ടുണ്ട്. ഫ്രാന്‍സ്, സ്വീഡന്‍, ഈജിപ്ത് രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യു.എന്‍ രക്ഷാസമിതി വിലയിരുത്തുന്നു. കൈറോവില്‍ അറബ് വിദേശ മന്ത്രിമാരുടെ യോഗം ചേരുകയാണ്. ഏറെ കാലമായി മൗനവ്രതത്തിലായിരുന്ന അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗൈദ് സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിക്കാന്‍ തയാറായി കാണുന്നു. 1994 ജൂലൈ 25ന് ഇസ്രാഈലുമായി സമാധാന കരാറ് ഒപ്പുവെച്ച ജോര്‍ദ്ദാനും അവരുമായി ഇടയേണ്ടിവന്നിരിക്കുകയാണ്. പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ അന്നത്തെ രാജാവ് ഹുസൈന്‍ ഇസ്രാഈലി പ്രധാനമന്ത്രി ഇസ്ഹാഖ് റബിനുമായി സമാധാന കരാറ് ഒപ്പ് വെച്ചപ്പോള്‍, അറബ് ലോകത്ത് നിന്ന് ഇസ്രാഈലിനെ അംഗീകരിച്ച രണ്ടാമത്തെ രാജ്യമായി. ക്യാമ്പ്‌ഡെവിഡില്‍ ആദ്യ കരാറ് ഒപ്പ് വെച്ചത് ഈജിപ്ഷ്യന്‍ പ്രസിഡണ്ട് അന്‍വര്‍ സാദാത്ത് ആയിരുന്നു. പിന്നീട് ഓസ്‌ലോവില്‍ വെച്ച് പി.എല്‍.ഒവും ഇസ്രാഈലും ഒപ്പ്‌വെച്ച കരാറനുസരിച്ച് ഫലസ്തീന്‍ അതോറിട്ടി രൂപീകരിക്കാന്‍ സാഹചര്യം ഉണ്ടായി. 1948 മെയ് 14ന് പിറവിയെടുത്തുവെങ്കിലും യു.എന്‍ അംഗങ്ങളായ 192 രാജ്യങ്ങളില്‍ 161 മാത്രമാണ് ഇസ്രാഈലിനെ അംഗീകരിച്ചിട്ടുള്ളത്. അറബ് ലീഗ് അംഗത്വമുള്ളവരില്‍ 21-ല്‍ 18 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സിലെ (ഒ.ഐ.സി) 10 രാഷ്ട്രങ്ങളും അംഗീകരിക്കാത്തവരില്‍ പെടുന്നു. ഭൂട്ടാനും ക്യൂബയും ഉത്തര കൊറിയയും ഇസ്രാഈലിനോട് നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തയാറായില്ല. 16 രാജ്യങ്ങളാകട്ടെ ഇസ്രാഈലി പാസ്‌പോര്‍ട്ട് പോലും സ്വീകരിക്കാറില്ല.
മസ്ജിദുല്‍ അഖ്‌സ നിയന്ത്രണം ഇസ്രാഈലിന് എതിരായ രോഷം ജ്വലിച്ച് പടര്‍ത്തുന്നു. ഫലസ്തീന്‍ എല്ലാ ബന്ധവും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധം ലോക വ്യാപകമായിക്കഴിഞ്ഞതിനാല്‍, അമേരിക്കന്‍ നേതൃത്വം അസ്വസ്ഥരാണ്. പ്രത്യേക ദൂതനായി ജോണ്‍സണ്‍ ഗ്രീന്‍ ബ്ലാറ്റ്‌സിനെ പശ്ചിമേഷ്യയിലേക്ക് എത്തിച്ചു. ജൂലൈ 14ന് സംഘര്‍ഷം ഉടലെടുത്ത ശേഷം ആറ് ഫലസ്തീന്‍കാരെ വധിച്ചു. 900 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊണ്ട് ഫലസ്തീന്‍ ആസ്പത്രികള്‍ നിറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ മുന്നറിയിപ്പിന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവന ഇസ്രാഈല്‍ പുച്ഛത്തോടെ തള്ളുന്നു. അമേരിക്കയുടെ രക്ഷാകര്‍ത്തൃത്വം ഉള്ള കാലത്തോളം ഇസ്രാഈലിന് ആരെ ഭയപ്പെടണം. മസ്ജിദുല്‍ അഖ്‌സയുടെ ചുമതലയും പരിപാലനവും ജോര്‍ദ്ദാനും അവിടത്തെ പണ്ഡിത സഭക്കുമാണ്. ജോര്‍ദ്ദാനില്‍, പുതിയ നിയന്ത്രണത്തിന് എതിരെ ജനങ്ങള്‍ പ്രതിഷേധിക്കുക സ്വാഭാവികം. അമ്മാനിലെ ഇസ്രാഈലി എംബസിക്ക് മുന്നില്‍ നടന്ന കൂറ്റന്‍ പ്രതിഷേധത്തിന് നേരെ എംബസി സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ച് രണ്ട് ജോര്‍ദ്ദാന്‍കാര്‍ കൊല്ലപ്പെട്ടത് രോഷം ആളിക്കത്തിച്ചു. എംബസി ജീവനക്കാരന് നയതന്ത്ര പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ ചോദ്യം ചെയ്യാന്‍ പോലും ജോര്‍ദ്ദാന് കൈമാറാന്‍ തയാറായില്ല. എംബസി വളഞ്ഞിരിക്കുകയാണ് ജോര്‍ദ്ദാന്‍ പൊലീസ്. അമേരിക്ക ഇടപെട്ടാല്‍ അബ്ദുല്ല രാജാവ് മുട്ടുമടക്കുമെന്ന് അറബ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, ഗസ്സയിലേക്ക് കടന്ന് കയറി നടത്തുന്ന ഇസ്രാഈലി അതിക്രമത്തിന് മുന്നില്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് കനത്തതായിരിക്കുമെന്ന് മുന്‍കാല യുദ്ധങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 2008-ല്‍ ഗസ്സയിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരായ ഇസ്രാഈലി നേതൃത്വം അന്നത്തെ കയ്‌പ്പേറിയ അനുഭവത്തിനും സാക്ഷിയാണ്. 2008ന് ശേഷം മൂന്ന് തവണ ഗസ്സയോട് യുദ്ധം ചെയ്തു. 2014-ല്‍ ആണ് അവസാന യുദ്ധം. ഹമാസ് ആസ്ഥാനമായ ഖാന്‍യൂനിസില്‍ ബോംബാക്രമണം നടത്തിയിട്ടുണ്ട്. ഹമാസിന്റെ തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇസ്രാഈലി നേതൃത്വം ഭയപ്പെടുന്നുണ്ട്.
ക്രിസ്താബ്ധം 1099 ജൂലൈ 15ന് കുരിശുയുദ്ധക്കാര്‍ കീഴടക്കിയ ചരിത്രം മസ്ജിദുല്‍ അഖ്‌സയെ കുറിച്ച് ദുഃഖത്തോടെ ഓര്‍ക്കുന്നവരാണ് ലോക മുസ്‌ലിം സമൂഹം. എതിര്‍ത്തവരെ ഒന്നടങ്കം അവര്‍ കൊന്നൊടുക്കി. 70,000 പേരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിംകള്‍ മാത്രമല്ല, യഹൂദരും ക്രൈസ്തവരുമൊക്കെ കൊല്ലപ്പെട്ടവരില്‍ പെടുന്നു. സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ ഖുദ്‌സ് തിരിച്ചുപിടിച്ചത് 1187 ജൂലൈ മാസത്തിലാണ്. 1967-ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറൂസലം കയ്യടക്കിയ ജൂതപ്പട മസ്ജിദുല്‍ അഖ്‌സ പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനാണ് നീക്കം. അഖ്‌സ ഇമാം ഷെയ്ഖ് മുഹമ്മദ് അഹമ്മദ് ഹുസൈനെ പോലും അറസ്റ്റ് ചെയ്തു. ജൂതപ്പടക്ക് ഒത്താശ ചെയ്യാന്‍ അമേരിക്കയും പാശ്ചാത്യ ശക്തികളും രംഗത്ത് വരുമെന്ന് തീര്‍ച്ച. എന്നാല്‍ അവര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ മസ്ജിദുല്‍ അഖ്‌സ വീണ്ടെടുക്കാന്‍ ഇനിയും സലാഹുദ്ദീന്‍ അയ്യൂബിമാരുടെ പിന്‍മുറക്കാര്‍ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

SHARE