മദ്രാസ് ഐ.ഐ.ടിയില്‍ ചര്‍ച്ച പരാജയം; വിദ്യാര്‍ഥികള്‍ വീണ്ടും പ്രക്ഷോഭത്തിന്

ചെന്നൈ: മലയാളിവിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തരാന്വേഷണം നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മദ്രാസ് ഐ.ഐ.ടി. ഡയറക്ടര്‍ തള്ളി. ഇതോടെ വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ വിദ്യാര്‍ഥിക്കൂട്ടായ്മയായ ‘ചിന്താബാര്‍’ തീരുമാനിച്ചു. ഇതിനായി സംയുക്തസമിതി രൂപവത്കരിച്ച് മുന്നോട്ടുപോവും. വ്യാഴാഴ്ച വൈകീട്ടു നടന്ന ചര്‍ച്ചയില്‍ ഡയറക്ടര്‍ പ്രൊഫ. ഭാസ്‌കര്‍ രാമമൂര്‍ത്തി, രജിസ്ട്രാര്‍ ഡോ. ജെയ്ന്‍ പ്രസാദ് എന്നിവരും വിദ്യാര്‍ഥികളെ പ്രതിനിധാനംചെയ്ത് അസര്‍ മൊയ്ദീന്‍, ജസ്റ്റിന്‍ ജോസഫ്, വാണി പ്രശംസ എന്നിവരും പങ്കെടുത്തു.

പോലീസന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തരസമിതി രൂപവത്കരിച്ച് അന്വേഷണം നടത്താനാകില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. കാമ്പസില്‍ത്തന്നെ മുമ്പ് ആഭ്യന്തരാന്വേഷണം നടത്തിയത് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ ഡയറക്ടര്‍ തയ്യാറായില്ല. മുക്കാല്‍മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ തീരുമാനമാകാഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ചിന്താബാര്‍ കൂട്ടായ്മയിലെ രണ്ട് വിദ്യാര്‍ഥികള്‍ കാമ്പസില്‍ നിരാഹാരസമരം നടത്തിയിരുന്നു.

ഫാത്തിമയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തരസമിതി രൂപവത്കരിക്കുക, മദ്രാസ് ഐ.ഐ.ടി.യിലെ വിദ്യാര്‍ഥിപ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വിദഗ്ധസമിതി രൂപവത്കരിക്കുക, വിദ്യാര്‍ഥികളുടെ പരാതിപരിഹാരത്തിന് കാമ്പസിനകത്ത് വകുപ്പുതലത്തില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അതില്‍ ആഭ്യന്തരാന്വേഷണം ഒഴികെയുള്ള ആവശ്യങ്ങള്‍ അധികൃതര്‍ നിരുപാധികം അംഗീകരിച്ചു.

സംഭവത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് എന്‍.എസ്.യു.ഐ. നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചെന്നൈയില്‍ ഇടത് യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും നടന്നു. ഈ മാസം ഒമ്പതിനാണ് മദ്രാസ് ഐ.ഐ.ടി.യിലെ ഹോസ്റ്റല്‍ മുറിയില്‍ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

SHARE