ഫലസ്തീനികളെ വെടിവെച്ച് വീഴ്ത്തി ഇസ്രാഈല്‍ സൈനികര്‍ ആഹ്ലാദിക്കുന്നു

ജറൂസലം: ഗസ്സയില്‍ ഫലസ്തീനികളുടെ ജീവന് ഇസ്രാഈല്‍ സേന ഒട്ടും വില കല്‍പ്പിക്കുന്നില്ലെന്ന് തെളിയിക്കന്ന വീഡിയോ ദൃശ്യം പുറത്ത്. അതിര്‍ത്തി വേലിക്ക് സമീപം നിരായുധനായ ഫലസ്തീനിയെ വെടിവെച്ച് വീഴ്ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സൈനികരുടെ വീഡിയോക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
വീഡിയോ പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായ ഇസ്രാഈല്‍ സേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പുള്ള സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഗസ്സയുടെ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഒരു ഇസ്രാഈല്‍ ടിവിയാണ് ദൃശ്യം പുറത്തുവിട്ടത്. ഗസ്സയില്‍ അതിര്‍ത്തി വേലിക്ക് സമീപം പ്രത്യക്ഷപ്പെട്ട മൂന്നു പേരില്‍ ഒരാളെ സൈനികര്‍ വെടിവെച്ചു കൊല്ലുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇസ്രാഈല്‍ സൈനികര്‍ അയാളെ നശിച്ചവനെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും ചിരിച്ച് കളിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതും ദൃശ്യത്തില്‍ കേള്‍ക്കാം. വെടിയേറ്റ് വീണ വ്യക്തിയെ ഒരുകൂട്ടം ആള്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്.
ഭീഷണി പോലും സൃഷ്ടിക്കാത്ത ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സൈനികരുടെ നടപടിക്കെതിരെ ഇസ്രാഈലിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രംഗത്തെത്തി. ഏറെ അസ്വസ്ഥയുണ്ടാക്കുന്നതാണ് വീഡിയോ എന്ന് ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിയുടെ നേതാവ് യെഹൂദ് ക്ലിക്ക് പറഞ്ഞു. ഫലസ്തീനികളെ കൊന്നൊടുക്കി ആഘോഷിക്കുന്ന സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ നിന്ദ്യമാണെന്ന് ഇസ്രാഈല്‍ പാര്‍ലമെന്റിലെ അറബ് അംഗം അയ്മാന്‍ ഉദയ് പറഞ്ഞു. കുറ്റക്കാരായ സൈനികരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രാഈലിന്റെ പൊതു സുരക്ഷാ വിഭാഗം മന്ത്രി ഗിലാദ് എര്‍ദാന്‍ വീഡിയോയെ ന്യായീകരിച്ചു. ഇസ്രാഈല്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസമില്ലന്ന് ഇസ്രാഈലിന് അകത്തും പുറത്തുമുള്ള നിരവധി മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

SHARE