പൗരത്വ ബില്ലിലൂടെ സംഘപരിവാര്‍ ഇന്ത്യക്ക് തീ കൊടുക്കുന്നു

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഇരുണ്ട കാലത്തിലൂടെ കടന്ന് പോവുകയാണ്. പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പ്രഖ്യാപിക്കുന്ന ഭീതിജനകവും ആസുരവുമായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേഗതി വരുത്തിക്കൊണ്ട് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കുന്നതിനുള്ള സംഘപരിവാര്‍ ഗൂഢാലോചനയുടെ ആദ്യ ചവിട്ട് പടിയാണ്.
ഇന്ത്യയെ ഇന്ത്യയായും നമ്മളെ ഇന്ത്യാക്കാരായും നിലനിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്. ംല വേല ുലീുഹല ീള കിറശമ എന്ന വാചകത്തിലാണ് ഭരണഘടന തുടങ്ങുന്നത് തന്നെ. ഒരിന്ത്യാക്കാരന്റെ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമാണത്. ണല അഥവാ ‘നമ്മള്‍’ എന്നതിനെ ഇല്ലാതാക്കി അതിന് പകരം നമ്മളും അവരും എന്ന ദ്വന്ദം (റൗമഹശ്യേ) ത്തെ സൃഷ്ടിക്കുക എന്നതാണ് ഈ നിയമ നിര്‍മാണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം. യഥാര്‍ത്ഥത്തില്‍ ഇവിടെ വെല്ലുവിളി നേരിടുന്നത് നമ്മളെ ഇന്ത്യാക്കാരാക്കിയ ഇന്ത്യന്‍ ഭരണഘടന തന്നെയാണ് . ഭരണഘടന വെല്ലുവിളി നേരിടുക എന്നാല്‍ നമ്മള്‍ ഓരോരുത്തരുടെയും ജീവിതം വെല്ലുവിളി നേരിടുന്ന എന്നാണര്‍ത്ഥം. ഇന്ത്യാക്കാരായി ജീവിക്കാനുള്ള നമ്മളുടെ മൗലികമായ അവകാശത്തെ സംഘപരിവാര്‍ നിയന്ത്രണത്തിനുള്ള മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്.
പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച് കൊണ്ട് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പ്രസംഗം രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള നമ്മുടെ ആശങ്കകളെ കൂടുതല്‍ വളര്‍ത്തുകയാണ്. വളരെ നിരാശയോടും ഭീതിയോടും, ദുഃഖത്തോടും കൂടിയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസംഗം ഞാന്‍ കേട്ടത്. ചരിത്രത്തിലാദ്യമായി കേന്ദ്ര കാബിനറ്റിലെ ഒരു മന്ത്രി ഒരു ന്യൂനപക്ഷ മത വിഭാഗത്തിന്റെ എണ്ണം കൂടുന്നതിനെക്കുറിച്ച് ലോക്‌സഭയില്‍ പ്രസംഗത്തിനിടെ ആശങ്കപ്പെടുന്നു. മറ്റൊരു മത വിഭാഗത്തിന്റെ എണ്ണം കൂടാത്തതില്‍ നിരാശപ്പെടുന്നു. എത്രയോ വര്‍ഷം പാര്‍ലമെന്റില്‍ ഇരുന്നയാളാണ് ഞാന്‍. ഇന്നേവരെ ഒരു മന്ത്രിയും പാര്‍ലമെന്റില്‍ ഇത്തരത്തിലൊരു ്രപ്രസംഗം നടത്തിയിട്ടില്ല.
ജനാധിപത്യവും മതേതരത്വവും ഇരട്ടപെറ്റ മക്കളാണെന്നാണ് പണ്ഡിറ്റ് നെഹ്‌റു എപ്പോഴും പറയാറുണ്ടായിരുന്നത്. നമ്മള്‍ ഒരു ജനാധിപത്യ സമൂഹമായി നിലനില്‍ക്കണമെങ്കില്‍ മതേതരത്വം അതില്‍ സ്വാഭാവികമായി ഇഴുകിച്ചേരണം. അല്ലാതെ ജനാധിപത്യത്തിന് നിലിനില്‍പ്പില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കണമെങ്കില്‍ അതിന് മതേതരമായ ഒരു സാമൂഹ്യ ഘടന ഉണ്ടെങ്കിലേ കഴിയൂ. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ട് പോകണമെന്നാഗ്രഹിക്കുന്നവര്‍ ആദ്യം തകര്‍ക്കുന്നത് നമ്മുടെ മതേതര സംവിധാനത്തെയാണ്. കാരണം മതേതരത്വം ഇല്ലാതായാല്‍ ജനാധിപത്യം എന്നത് കരക്ക് പിടിച്ചിട്ട മീനപ്പോലെയാണ്. അത് സ്വാഭാവികമായി ഇല്ലാതാകും. സംഘപരിവാറിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും അത് തന്നെയാണ്. ഇന്ത്യയുടെ മതേതതര ചട്ടകൂട്ടിനെ തകര്‍ത്തു കഴിഞ്ഞാല്‍ ആര്‍ എസ് എസ് വെറുക്കുന്ന ജനാധിപത്യം എന്ന സങ്കല്‍പം തനിയെ ഇല്ലാതായി പോകുമെന്നവര്‍ക്കറിയാം.
പെരും നുണകളുടെ ഹിമാലയം ആണ് പാര്‍ലമെന്റിനകത്തും കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പി സൃഷ്ടിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ഒരു പച്ചക്കള്ളം ഒരു ഉളുപ്പുമില്ലാതെ പാര്‍ലമെന്റില്‍ അമിത് ഷാ തട്ടിവിടുകയായിരുന്നു. ദ്വിരാഷ്ട്ര വാദം ആദ്യമുന്നയിച്ചത്് ആര്‍ എസ് എസിന്റെയും ബി ജെ പിയുടയെും പൂര്‍വ്വികന്‍ ആയ ഹിന്ദുമഹാസഭയായിരുന്നു. 1923 ല്‍ എഴുതിയ ഹിന്ദുത്വ എന്നു പേരുള്ള പ്രബന്ധത്തിലാണ് ആദ്യമായി ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്ന് വി ഡി സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. 1925 ല്‍ സ്ഥാപിതമായ ആര്‍ എസ് എസ് ആകട്ടെ ഹിന്ദുരാഷ്ട്രം എന്ന തങ്ങളുടെ ആശയം പകര്‍ത്തിയത് സവര്‍ക്കറുടെ ഈ പ്രബന്ധത്തില്‍ നിന്നുമായിരുന്നു. അതിന് കൃത്യം പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദാലി ജിന്ന ഹിന്ദു മഹാസഭയുടെ ഈ ആശയം ഏറ്റെടുത്തു. അതേ സമയം ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അവസാനം നിമിഷം വരെ ദ്വിരാഷ്ട്ര വാദത്തിന് എതിരായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഇന്ത്യയെന്ന ശരീരത്തിലെ രണ്ട് കണ്ണുകളാണ്. ഒരു കണ്ണിന് എങ്ങിനെ മറ്റൊരു കണ്ണിന്റെ ശത്രുവാകാന്‍ കഴിയും എന്നാണ് ഗാന്ധിജി ചോദിച്ചത്.
മതത്തെ പൗരത്വവുമായി ബന്ധപ്പെടുത്തുന്നത് ഇരുണ്ട കാലത്തേക്കുള്ള തിരിച്ച് പോക്കാണ്. മതമുള്ളവനും മതമില്ലാത്തവനും ഇന്ത്യന്‍ പൗരനായി തുല്യാവകാശത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. എന്നാല്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് മാത്രം കുടിയേറുന്ന മുസ്‌ലിംകള്‍ അല്ലാത്ത ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ട് എന്ന് പറയുമ്പോള്‍ ഇതാദ്യമായി ഒരു നിയമത്തിലൂടെ ഇന്ത്യയിലെ ജനങ്ങളെ മുസ്‌ലിംകള്‍ എന്നും മുസ്‌ലിംകള്‍ അല്ലാത്തവര്‍ എന്ന് വേര്‍തിരിക്കുകയാണ്. ശിറശമില ൈ എന്ന സങ്കല്‍പ്പം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയാണ് , ആ സമരം ഉയര്‍ത്തിയ മഹത്തായ ആശയങ്ങളെയാണ് മോദിയും അമിത്ഷായും കൂടി ഈ ഒറ്റ ബില്ലിലൂടെ റദ്ദ് ചെയ്ത് കളഞ്ഞത്. 1948 ല്‍ ഇസ്രായേല്‍ രൂപീകരിച്ചപ്പോള്‍ ലോകമെങ്ങുമുള്ള ജൂതന്‍മാര്‍ക്ക് ഇസ്രായേലിലേക്ക് കുടിയേറാം എന്ന് അവിടുത്തെ സയണിസ്റ്റ് ഭരണകൂടം ആഹ്വാനം ചെയ്തു. അതേ സ്വരവും, ഭാവവും നിലപാടുമാണ് ഇന്ത്യയിലെ ബി ജെ പി ഭരണകൂടത്തിനുള്ളത്. ഇസ്രായേല്‍ മോഡലില്‍ ഒരു ഹിന്ദുരാഷ്ട്രമാണ് ആര്‍ എസ് എസിന്റെയും സംഘപരിവാര്‍ സര്‍ക്കാരിന്റെയും സ്വപ്‌നം. രാജ്യം എന്നത് ഭൂമി ശാസ്ത്രപരമായ അതിരുകളല്ല മറിച്ച് സംസ്‌കാരമാണ് എന്ന് പ ആര്‍ എസ് എസ്് നിരന്തരം പറയുന്നത് ഈ ഇസ്രായേല്‍ മാതൃക മുന്നില്‍ കണ്ട് കൊണ്ടാണ്. ലോകമെങ്ങുമുള്ള ജൂതര്‍ക്ക്് ഇസ്രായേല്‍ പോലെ ലോകമെങ്ങമുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യ. അത് നടക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്.
ആദ്യം അവര്‍ക്ക് മുന്നിലെ മാതൃക ഹിറ്റ്‌ലറുടെ നാസി ജര്‍മിനിയായിരുന്നു. ജര്‍മിനി തകര്‍ന്നപ്പോള്‍ ഇസ്രായേലില്‍ അവര്‍ തങ്ങളുടെ പുതിയ മാതൃക കണ്ടെത്തി. രണ്ട് ദിനോസറുകള്‍ മാത്രം വാഴുന്ന ജുറാസിക് പാര്‍ക്ക് എന്നാണ്് മോദി അമിത് ഷാ ഭരണത്തെ രാജ്യ സഭയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിശേഷിപ്പിച്ചത്. ദിനോസറുകള്‍ വംശനാശം വന്ന ജീവികളാണ്. അവയുടെ ഫോസിലുള്‍ ഇപ്പോള്‍ കാഴ്ചബംഗ്ലാവുകളില്‍ മാത്രമേയുള്ളു. 2024 കഴിയുമ്പോള്‍ മോദിയും അമിഷായും മുന്നോട്ട് വയ്കുന്ന രാഷ്ട്രീയത്തിന്റെ ഫോസിലുകളെ നമുക്ക് ചരിത്രത്തിന്റെ കാഴ്ചബംഗഌവില്‍ പോയി മാത്രം കാണാന്‍ കഴിയണം. എന്നിട്ട് പുതിയ തലമുറക്ക് നമ്മള്‍ പറഞ്ഞത് കൊടുക്കണം എങ്ങിനെയാണ് ഐതിഹാസികമായ പോരാട്ടത്തിലൂടെ ഈ ദിനോസറുകളില്‍ നിന്ന് നമ്മുടെ രാഷ്ട്രത്തെയും അതിന്റെ ജീവനാഡികളായ മതേതരത്ത്വത്തെയും, ജനാധിപത്യത്തെയും നമ്മള്‍ രക്ഷിച്ചതെന്ന്്.
എന്ത് കൊണ്ടാണ് ഇവര്‍ രാജ്യത്തെയും ജനങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിക്കുകയും, പരസ്പരം വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നത്്? ഇന്ത്യയിലെ ജി ഡി പി സര്‍വ്വകാല തകര്‍ച്ചയിലാണ്. കഴിഞ്ഞ വര്‍ഷം ഒരു കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. നോട്ട് നിരോധനത്തെതുടര്‍ന്ന് ഇന്ത്യയിലെ 80 ശതമാനം ആളുകള്‍ ജോലിയെടുക്കുന്ന അസംഘടിത മേഖല തകര്‍ന്ന് തരിപ്പണമായി. വിലക്കയറ്റം പത്ത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്നനിലയിലായി. നഗരങ്ങളും ഗ്രാമങ്ങളും ഒരു പോലെ ദരിദ്രമായി. എല്ലാ മേഖലകളും അമ്പെ തകര്‍ന്നു. വാഹന വിപണി കുത്തനെ ഇടിയുന്ന അവസ്ഥയായി. രാഹുല്‍ ബജാജിനെപ്പോലുള്ള ഒരു വ്യവസായിക്ക്് പരസ്യമായി പൊട്ടിത്തെറിക്കേണ്ട അവസ്ഥ വന്നു. ജി എസ് ടി നികുതി വരുമാനം പ്രതീക്ഷിച്ചതിലും 40% താഴെ നില്‍ക്കുന്നു (നവംബര്‍ വരെ) ഇതിനിടയില്‍ 1.45 ലക്ഷം കോടി രൂപാ കോര്‍പ്പറേറ്റ് നികുതിയിളവിലൂടെ പോയി. നോട്ടുനിരോധനവും ജി എസ് ടിയും ഉണ്ടാക്കിയ തിരച്ചടിയും, കാര്‍ഷികമേഖലയുടെ തകര്‍ച്ചയും കൂടിയായപ്പോള്‍ രാജ്യം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു. ഇതിനെയൊക്കെ നേരിടാന്‍ മോദി അമിത് ഷാ കൂട്ട്‌കെട്ടിന്റെ കയ്യില്‍ ഒരറ്റ ആയുധമേയുള്ളു. അതാണ് മതത്തിന്റെ പേരിലുള്ള വിഭജനം. മതത്തിന്റെ പേരില്‍ രാജ്യത്തെയും ജനങ്ങളെയും വിഭജിക്കുക എന്നാല്‍ രാജ്യത്തിന് തീ കൊടുക്കുക എന്നാണര്‍ത്ഥം. രാജ്യത്തിന് തീ കൊടുത്ത് കാതലായ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് മോദി ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്. രാജ്യം മുഴുവന്‍ പൗരത്വ ബില്ലിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇന്ത്യാക്കാരായി ജീവിക്കാനുള്ള നമ്മള്‍ ഒരോരുത്തരുടെയും അവകാശത്തെ ആരുടെയും കാല്‍ക്കീഴില്‍ വയ്കാന്‍ നമ്മള്‍ തയ്യാറല്ലന്ന വലിയ പ്രഖ്യാപനം കൂടിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഈ ബില്ലിനെതിരെ നടക്കുന്ന വന്‍ പ്രക്ഷോഭത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, മുസ്‌ലിം ലീഗ് അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളും ബില്ലിനെതിരെ നിയമ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ കേസില്‍ ഞാനും കക്ഷി ചേരുകയാണ്. ഒരു വ്യക്തി എന്ന നിലയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ എന്നോടും, എന്റെ പ്രസ്ഥാനത്തോടും രാജ്യത്തിനോടും പുലര്‍ത്തേണ്ട ബാധ്യതയാണത് എന്നത് കൊണ്ടാണ് പൗരത്വ ബില്ലിനെതിരെ സുപ്രിം കോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തില്‍ വ്യക്തിപരമായി കക്ഷി ചേരാന്‍ തിരുമാനിച്ചത്. രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാന്‍ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ നമുക്ക് വേണം. ഏതെങ്കിലും മത വിഭാഗത്തിന് വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, മറിച്ച എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടി നമ്മള്‍ ഇന്ത്യാക്കാര്‍ നടത്തുന്ന സമരമാണിത് ഇതില്‍ നമ്മള്‍ക്ക് വിജയിച്ചേ മതിയാകൂ. നമ്മള്‍ വിജയിച്ചാലേ ഇന്ത്യ അതിജീവിക്കൂ. നമ്മുടെ രാഷ്ട്രത്തിന്റ അതിജീവനത്തിനായി നമുക്കൊരുമിക്കാം.

SHARE