പഠിക്കാന്‍ വിട്ടത് വെറുതെയായില്ല. പുസ്തകം പകര്‍ന്ന അറിവ് ജീവിതാനുഭവത്തില്‍ കൊണ്ടുവന്ന് മാതാപിതാക്കളെ മരണത്തില്‍ നിന്ന് രക്ഷിച്ച് കൊച്ചുപയ്യന്‍

ചിറ്റാര്‍: മകനെ പഠിക്കാന്‍ വിട്ടത് വെറുതെയായില്ല. പുസ്തകം പകര്‍ന്ന അറിവ് ജീവിതാനുഭവത്തില്‍ കൊണ്ടുവന്ന് മാതാപിതാക്കളെ മരണത്തില്‍ നിന്ന് രക്ഷിച്ച് കൊച്ചുപയ്യന്‍. വൈദ്യുതാഘാതമേറ്റ നീലിപിലാവ് അരുവിക്കരയില്‍ സജിയെയും മഞ്ജുവിനെയുമാണ് മകന്‍ ആദര്‍ശ് ധീരമായ നീക്കത്തിലൂടെ രക്ഷിച്ചത്.

കഴിഞ്ഞ ഞായറാഴ്ച സജിക്ക് വീട്ടില്‍ വെച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. അപകടം കണ്ടു ചെന്ന ഭാര്യ മഞ്ജു സജിയെ രക്ഷിക്കാന്‍ പിടിച്ചതോടെ അവര്‍ക്കും വൈദ്യുതാഘാതമേറ്റു. ഇതു കണ്ട 11 വയസുള്ള മകന്‍ ആദര്‍ശ് അവരെ തൊടാതെ ഓടിച്ചെന്ന് മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ ചെന്ന് വിവരമറിയിച്ചു.

അതേസമയം അച്ഛനും അമ്മയും വൈദ്യുതാഘാതമേറ്റു വിറങ്ങലിച്ചു നില്‍ക്കുന്നതു കണ്ട് ഇളയ സഹോദരന്‍ അവരെ പിടിക്കാന്‍ വരുന്നതു കണ്ട ആദര്‍ശ് അവനെ എടുത്ത് മുറിയില്‍ ഇരുത്തി വാതിലടക്കുകയായിരുന്നു. പിന്നീടാണ് മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ ഓടിയത്.

ചിറ്റാര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. രക്ഷിതാക്കളുടെ ജീവന്‍ രക്ഷിച്ച ആദര്‍ശ് ഇപ്പോള്‍ നാട്ടിലും സ്‌കൂളിലും താരമായിരിക്കുകയാണ്.

SHARE