ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ മുന്‍ ബിജെപി നേതാവും എംപിയുമായിരുന്ന ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം.
ബിജെപിയില്‍ നിന്നും രാജിവച്ച സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവും ആവാസ് ഇ പഞ്ചാബ് നേതാവ് പര്‍ഗത് സിങും കോണ്‍ഗ്രസില്‍ ചേരുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് അമരേന്ദര്‍ സിങ് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇവരുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ സഹായിക്കും. ഇവര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതായും അമരേന്ദര്‍ സിങ് പറഞ്ഞു. സിദ്ദുവും ഭാര്യയും പിന്മാറിയതോടെ ഇരുവരും രൂപീകരിച്ച ആവാസ് ഇ പഞ്ചാബ് ശിഥിലമായി. ദിവസങ്ങള്‍ക്കു മുന്‍പു ഇരുവരെയും വിമര്‍ശിച്ച് അമരേന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.