നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനം: എം.കെ മുനീര്‍

 

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയത് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ ജയത്തെ തുടര്‍ന്ന് സര്‍ക്കാറിന് അധികാരത്തിമിരം ബാധിച്ചിരിക്കുകയാണ്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ മിണ്ടാതെ കേട്ടുകൊണ്ടിരിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ നിയമസഭയില്‍ പോലും പ്രകടിപ്പിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിലൊന്നും മറുപടി പറയില്ല എന്നത് സര്‍ക്കാറിന്റെ ഒളിച്ചോട്ടമാണ് കാണിക്കുന്നത്. സര്‍ക്കാര്‍ മറുപടി നല്‍കാത്ത വിഷയങ്ങള്‍ പ്രതിപക്ഷത്തിന്് ഉന്നയിക്കാന്‍ പോലും അനുമതി നല്‍കുന്നില്ല. വിഷയത്തില്‍ സര്‍ക്കാറിന് വേണ്ടി മന്ത്രി ബാലന്‍ വിശദീകരണം നല്‍കാന്‍ തയാറായായെങ്കില്‍ സ്പീക്കര്‍ക്ക് എന്താണ് പ്രശ്്‌നം. സര്‍ക്കാര്‍ പറയുന്നത് സ്പീക്കര്‍ അതേപടി അനുസരിക്കുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് സ്പീക്കര്‍ കൂട്ടുനില്‍ക്കരുത്.
‘കടക്ക് പുറത്ത്’ എന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത് പോലെയാണ് പ്രതിപക്ഷത്തോട് ഇന്ന് സ്വീകരിച്ച നിലപാട്. അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പോലും പരിഗണിക്കാത്തത് ഈ സാഹചര്യത്തിലാണ്.സി.പി.എമ്മിന്റെ ഈ അഹങ്കാരത്തിന് ജനങ്ങള്‍ മറുപടി നല്‍കും. ചരിത്രം കണ്ട ഏകാധിപതികളെല്ലാം വളരെയധികം ഉയര്‍ന്ന തലത്തിലെത്തിയ ശേഷമാണ് നിലംപതിച്ചത്. പിണറായി വിജയന്‍ സര്‍ക്കാറിന്റെ പതനവും ആസന്നമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിച്ച ആദ്യ സംഭവമാണ് വരാപ്പുഴയിലെ ലോക്കപ്പ് മരണം. കേസ് സംബന്ധിച്ച വസ്തുതകള്‍ ജനത്തെ അറിയിക്കാന്‍ പ്രതിപക്ഷത്തിന് ചുമതലയുണ്ട്. ശ്രീജിത്തിന്റെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് യു.ഡി.എഫല്ല, സി.പിഎമ്മാണ്. വരാപ്പുഴയില്‍ നടത്തിയ ഹര്‍ത്താലിലൂടെ തന്നെ ഇത് വ്യക്തമാണ്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താനുളള ഗൂഢാലോചനയില്‍ പൊലീസും പങ്കാളിയാണെന്നും മുനീര്‍ പറഞ്ഞു.

SHARE