നവാസ് ശരീഫിനെതിരെ നാലു ക്രിമിനല്‍ കേസുകള്‍

ഇസ്്‌ലാമാബാദ്: പനാമ കേസില്‍ കുടുങ്ങി രാജിവെച്ച പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മക്കള്‍ക്കും മരുമകന്‍ ക്യാപ്റ്റന്‍ സഫ്ദറിനുമെതിരെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി) നാലു ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തു.
മുന്‍ ധനമന്ത്രി ഇസ്ഹാഖ് ദറിനെതിരെയും കേസുണ്ട്. പരമാവധി ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്‍.എ.ബി ചെയര്‍മാന്റെ ഉത്തരവുപ്രകാരം ശരീഫും മക്കളും ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാം.
എന്‍.എ.ബിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേര്‍ന്നാണ് കേസുകളില്‍ അന്തിമ തീരുമാനമെടുത്തത്.
ശരീഫിനും കുടുംബത്തിനും വിദേശത്ത് അനധികൃത സമ്പാദ്യമുണ്ടെന്ന പനാമ രേഖകളിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ശരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കുകയും ആറാഴ്ചക്കകം കേസെടുക്കാന്‍ എന്‍.എ.ബിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഇടക്കാല പ്രധാനമന്ത്രിയാകാന്‍ മുസ്‌ലിം ലീഗ്(എന്‍) നേതാവ് ഷാഹിദ് ഖാകാന്‍ അബ്ബാസി പ്രസിഡന്റിന് അപേക്ഷ നല്‍കി.

SHARE